ന്യൂഡല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ചുള്ള തന്റെ മുന്‍ നിലപാട് തിരുത്തി എന്‍സിപി നേതാവ് ശരദ് പവാര്‍. താന്‍ മോദിയെ പിന്തുണച്ചിട്ടില്ലെന്നും ഒരിക്കലും പിന്തുണയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍ പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഞാന്‍ മോദിയെ പിന്തുണച്ചതായി ആരോപിച്ച് ചിലര്‍ വിമര്‍ശനമുന്നയിക്കുന്നുണ്ട്. ഞാന്‍ മോദിയെ പിന്തുണച്ചിട്ടില്ല, ഇനിയൊരിക്കലും പിന്തുണയ്ക്കുകയുമില്ല. എന്തുകൊണ്ടാണ് റഫാല്‍ വിമാനങ്ങളുടെ വില 650 കോടിയില്‍നിന്ന് 1600 കോടിയായി ഉയര്‍ന്നതെന്ന് സര്‍ക്കാര്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ വ്യക്തമാക്കണം'- പവാര്‍ പറഞ്ഞു.

മോദിയുടെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടതില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം പവാര്‍ ഒരു മറാഠി ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനു പിന്നാലെ പവാറിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ബിജെപിയും രംഗത്തെത്തിയിരുന്നു.

റഫാല്‍ അഴിമതി ആരോപണങ്ങള്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷിക്കണമെന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കെയായിരുന്നു പവാറിന്റെ പ്രസ്തവാന. പവാറിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറിയും എം പിയുമായ താരിഖ് അന്‍വര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചിരുന്നു.

Content Highlights: Did not support PM Modi, Sharad Pawar, Rafale deal