ന്യൂഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യോഗം ബഹിഷ്‌കരിച്ചതിനെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ മുന്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായയ്ക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് അദ്ദേഹം മറുപടി നല്‍കി. കഴിഞ്ഞയാഴ്ച നടന്ന യാസ് ചുഴലിക്കാറ്റ് അവലോകനയോഗത്തില്‍നിന്ന് വിട്ടുനിന്നതിന് പിന്നാലെയാണ് കേന്ദ്രം ബന്ദോപാധ്യായയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

യോഗത്തില്‍നിന്ന് സ്വമേധയാ വിട്ടുനിന്നിട്ടില്ലെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉണ്ടായിരുന്ന സമയംവരെ അവിടെ ഉണ്ടായിരുന്നുവെന്നും ആലാപന്‍ മറുപടിയില്‍ വ്യക്തമാക്കുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദിഗാ നഗരത്തില്‍ യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ മമതയുടെ നിര്‍ദേശപ്രകാരമാണ് യോഗത്തില്‍നിന്ന് പോയതെന്നും അദ്ദേഹം പറയുന്നു. 

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന യാസ് ചുഴലിക്കാറ്റ് അവലോകന യോഗത്തില്‍ മമതയും ആലാപന്‍ ബന്ദോപാധ്യായയും പങ്കെടുക്കാതിരുന്നത് കേന്ദ്രസര്‍ക്കാരും പശ്ചിമബംഗാള്‍ സര്‍ക്കാരും തമ്മിലുള്ള പോരിന് വഴിതുറന്നിരുന്നു. ഇതിനു പിന്നാലെ ആലാപന്‍ ബന്ദോപാധ്യയെ കേന്ദ്രം, കേന്ദ്രസര്‍വീസിലേക്ക് തിരിച്ചു വിളിച്ചു. എന്നാല്‍ കേന്ദ്രസര്‍വീസിലേക്ക് മടങ്ങാന്‍ തയ്യാറാകാതെ ആലാപന്‍ സ്വയംവിരമിച്ചു. തുടര്‍ന്ന് മമതാ ബാനര്‍ജിയുടെ മുഖ്യ ഉപദേഷ്ടാവായി നിയമിതനാവുകയും ചെയ്തു. ഈ ആഴ്ചയാദ്യമാണ് ബന്ദോപാധ്യായയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചത്. മോദിയെയും സംഘാംഗങ്ങളെയും 15 മിനുട്ടോളം ആലാപന്‍ കാത്തുനിര്‍ത്തിച്ചതായും കാരണം കാണിക്കല്‍ നോട്ടീസില്‍ ആരോപിച്ചിരുന്നു. 

content highlights: did not abstain from pm meeting- former west bengal chief secretary reply to show cause notice