ഹൈദരാബാദ്: പശ്ചിമ ബംഗാളിലെ ഷാലുമാറി ആശ്രമത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസ് ജീവിച്ചിരുന്നുവെന്ന് 1963 ലെ നെഹ്രു സര്‍ക്കാര്‍ സംശയിച്ചിരുന്നതായി രേഖകള്‍. 

മേയ് 27 ന് പുറത്തുവിട്ട നേതാജി ഫയലിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്. ആശ്രമത്തിലെ അന്തേവാസി കെ.കെ. ഭണ്ഡാരി നേതാജി ആണോയെന്ന് സര്‍ക്കാര്‍ സംശയിച്ചിരുന്നു. ഈ വിഷയത്തില്‍ ആശ്രമം സെക്രട്ടറി രമണി രഞ്ജന്‍ദാസ് പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നതായും രേഖയിലുണ്ട്.

1963 മെയ് 23 ന് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി കെ. റാം ഇന്റലിജന്‍സ് മേധാവി ബി.എന്‍. മാലിക്കിന് ഇതുസംബന്ധിച്ച വിവരം കൈമാറി. ജൂണ്‍ 12ന് ഇന്റലിജന്‍സ് മറുപടിയും നല്‍കി. അതേവര്‍ഷം സെപ്തംബര്‍ 7, നവംബര്‍11, 16 തിയതികളിലും നേതാജിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രധാനമന്ത്രിയുടെ ഓഫീസും ഇന്റലിജന്‍സ് ബ്യൂറോയും തമ്മില്‍ അതീവ രഹസ്യ സ്വഭാവമുള്ള ആശയവിനിമയം നടന്നയതായും രേഖകളിലുണ്ട്. 

നേതാജിയുടെ തിരോധാനം അന്വേഷിക്കാന്‍ രൂപവത്കരിച്ച ജസ്റ്റിസ് മുഖര്‍ജി കമ്മിഷന് പിന്നീട് ഈ കത്തുകള്‍ കൈമാറി. എന്നാല്‍ കെ.കെ.ഭണ്ഡാരി നേതാജിയാണെന്ന വാദം മുഖര്‍ജി കമ്മിഷന്‍ നിരാകരിക്കുകയാണുണ്ടായത്.