ന്യൂഡല്‍ഹി: ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് നോട്ട് നിരോധനത്തെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്നത് വെളിപ്പെടുത്തില്ലെന്ന് ധനകാര്യ മന്ത്രാലയം. വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയിലാണ് മന്ത്രാലയത്തിന്റെ മറുപടി.

നവംബര്‍ എട്ടിന് 500ന്റെയും 1000ന്റെയും നോട്ടുകള്‍ പൊടുന്നനെ നിരോധിച്ച പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെക്കുറിച്ച് ധനകാര്യമന്ത്രി അരുണ്‍ജെയ്റ്റ്‌ലിക്ക് അറിയുമായിരുന്നോ എന്നാണ് വിവരാവകാശ പ്രകാരം പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ അപേക്ഷ നല്‍കിയത്. എന്നാല്‍ ഈ ചോദ്യത്തിന് കൃത്യമായ രേഖകള്‍ പക്കലുണ്ടെങ്കിലും അത് വെളിപ്പെടുത്തില്ല എന്നും ഇവ വിവരാവകാശത്തിന്റെ പരിധിയില്‍ വരില്ല എന്നുമാണ് ധനകാര്യമന്ത്രാലയത്തിന്റെ നിലപാട്. 

ധനകാര്യമന്ത്രിക്കും സാമ്പത്തിക കാര്യ ഉപദേഷ്ടാവിനും നോട്ട് നിരോധനം പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നതിന് മുമ്പ് അറിവുണ്ടായിരുന്നോ എന്നത് സംബന്ധിച്ച് ഇതിനു മുമ്പ് റിസര്‍വ്വ് ബാങ്കിനും പ്രധാനമന്ത്രിയുടെ ഓഫീസിനും അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇത് വിവരാവകാശത്തിന്റെ പരിധിയില്‍ വരില്ല എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസും റിസര്‍വ്വ് ബാങ്കും ഒരു പോലെ അറിയിച്ചത്.

ചില വിവരങ്ങള്‍ വിവരാവകാശ പരിധിയില്‍ വരില്ല എന്ന് വിവരാവകാശ നിയമത്തില്‍ പ്രത്യേക ഉപവകുപ്പുണ്ട് എന്നാല്‍ ഈ വിവരം ആ പ്രത്യേക ഉപവകുപ്പില്‍ പെടുന്നതല്ലായിരുന്നിട്ടും പുറത്ത് വിടാന്‍ മടിക്കുകയാണ് പ്രധാന മന്ത്രിയുടെ ഓഫീസും ആര്‍ ബി ഐയും ധനകാര്യമന്ത്രാലയവും എന്നാണ് ആരോപണം.