ചണ്ഡീഗഢ്: ബലാത്സംഗക്കേസില്‍ ജയിലിലായ ഡേരാ സച്ഛാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിന്റെ അടുത്ത അനുയായി ഹണിപ്രീത് ഇന്‍സാന്റെ രണ്ട് സ്വകാര്യ ഡയറികള്‍ പോലീസ് കണ്ടെടുത്തു. ഡേരാ ആശ്രമത്തില്‍ നടത്തിയ പരിശോധനയിലാണ് ഹണിപ്രീതിന്റെ ഡയറികള്‍ കണ്ടെത്തിയതെന്ന് സിര്‍സ പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലഭിച്ച ഉപഹാരങ്ങള്‍, സംഭാവനകള്‍, വരുമാനം, ചെലവ് തുടങ്ങിയ കാര്യങ്ങളാണ് ഡയറിയിലുള്ളത്. വിവിധ ഡേരാ ശാഖകളില്‍നിന്നുള്ള വരുമാനത്തിന്റെ വിവരങ്ങള്‍ രേഖപ്പെടുത്താനാണ് ഇവ ഉപയോഗിച്ചിരുന്നതെന്നാണ് പ്രാഥമിക നിഗമനം. ഡയറികളുടെ പകര്‍പ്പ് ആദായനികുതി വകുപ്പിന് കൈമറിയിട്ടുണ്ട്.
ഗുര്‍മീതിന് ശിക്ഷ വിധിച്ച ദിവസം പഞ്ച്കുളയില്‍ നടന്ന കലാപത്തിന് പണം സ്വരുക്കൂട്ടിയ വിവരങ്ങള്‍ ഡയറിയിലുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. കലാപത്തിനായി ഹണിപ്രീതിന്റെ നിര്‍ദേശാനുസരണം അഞ്ചുകോടി രൂപ ചെലവഴിച്ചതായാണ് സൂചനകള്‍.
ഹണിപ്രീതിന്റെ സ്വകാര്യജീവിതം രേഖപ്പെടുത്തിയ ഡയറിയും കണ്ടെടുത്തിട്ടുണ്ട്. സിനിമാ സംവിധാനത്തെ കുറിച്ചുള്ളതും ഗുര്‍മീത് റാം റഹീം സിങ്ങുമായുള്ള ബന്ധത്തെ കുറിച്ചും ഈ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഡേരയ്ക്കു പിന്തുണ നല്കുന്ന വിദേശത്ത് താമസമാക്കിയവരും അല്ലാത്തവരുമായ ഇന്ത്യക്കാരുടെ വിവരങ്ങളും ഫോണ്‍ നമ്പറും ഡയറിയില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. പോലീസിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ടാല്‍ ഇവരുടെ സഹായം തേടാനായിരുന്നു പദ്ധതിയെന്നാണ് സൂചന. നിലവില്‍ അംബാലയിലെ ജയിലിലാണ് ഹണിപ്രീത്.
നേരത്തെ കണ്ടെടുത്ത ഹണിപ്രീതിന്റെ ഡയറികളില്‍ ഒന്നില്‍ അവരുടെ കൗമാരകാലത്തെ കുറിച്ചായിരുന്നു പരാമര്‍ശങ്ങളുണ്ടായിരുന്നത്. തന്റെ പ്രിയതാരങ്ങളായ ആമിര്‍ ഖാന്, സല്മാന് ഖാന്, കജോള്‍ എന്നിവരെ കുറിച്ചും ഹണിപ്രീത് ഡയറിയില്‍ എഴുതിയിരുന്നു.
ഇവരുടെ ചിത്രങ്ങള്‍ ഡയറിയുടെ താളുകളില്‍ ഒട്ടിക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. പ്രണയം, തകര്‍ന്ന ഹൃദയം,വഞ്ചന തുടങ്ങിയവയെ കുറിച്ച് പരാമര്‍ശിക്കുന്ന ഹിന്ദിയിലുള്ള ഈരടികളും ഈ ഡയറിയില്‍ കണ്ടെത്തിയിരുന്നു. ഒരു ഗാനം ഗുര്‍മീത് റാം റഹീം സിങ്ങിനു വേണ്ടി സമര്‍പ്പിച്ചതായും കണ്ടെത്തിയിരുന്നു.
content highlights: honeypreet insan, gurmeet ram rahim singh, dera sacha sauda, diaries of honeypreet insan found
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..