ഷിംല: ഹിമാചല്‍പ്രദേശിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയ പ്രേംകുമാര്‍ ധുമല്‍ പരാജയം ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്കായുള്ള ചൂടുപിടിച്ച ചര്‍ച്ചയിലാണ് ബിജെപി ക്യാമ്പ്. 

കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ, ബിജെപി നേതാവ് ജയ്‌റാം താക്കൂര്‍ എന്നി പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്.. എന്നാല്‍, ഈ രണ്ട് പേരുകളും അംഗീകരിക്കാത്ത നിലപാടാണ് ധുമല്‍ വിഭാഗം സ്വീകരിച്ചിരിക്കുന്നത്. 

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് ഇന്ന് നടക്കുന്ന ബിജെപി യോഗത്തില്‍ നിന്ന് ധുമലിന്റെ മകനും ബിജെപി നേതാവുമായ അനുരാഗ് താക്കൂര്‍ വിട്ടുനിന്നു. 

കേന്ദ്ര നേതൃത്വത്തില്‍ നിന്നുള്‍പ്പെടെ ശക്തമായ ചരടുവലിയാണ് ജെ.പി. നഡ്ഡയ്ക്കു വേണ്ടി നടക്കുന്നത്. അതേസമയം, സേരജ് മേഖലയില്‍ നിന്നുള്ള അഞ്ച് എംഎല്‍എമാരുടെ പിന്തുണയാണ് ജയ്‌റാം താക്കൂറിനുള്ളത്. തിരഞ്ഞെടുപ്പില്‍ ധുമല്‍ പരാജയപ്പെട്ടെങ്കിലും അദ്ദേഹത്തിന് വേണ്ടി സ്ഥാനം ഒഴിഞ്ഞ് ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറായി മൂന്ന് എംഎല്‍എമാരാണ്‌ രംഗത്തെത്തിയിരിക്കുന്നത്. 

ഏതാണ്ട് 12 എംഎല്‍എമാരാണ് ധുമലിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. അതുകൊണ്ട് അദ്ദേഹത്തെ തള്ളാനൊ കൊള്ളാനൊ കഴിയാത്ത സ്ഥിതിയിലാണ് കേന്ദ്ര നേതൃത്വം. 

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ജയ്‌റാം താക്കൂര്‍ ധൂമലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നഡ്ഡയുടെ പക്ഷത്തുള്ള നേതാവാണ് താക്കൂറും. എന്നാല്‍, ധുമല്‍ പക്ഷത്തുനിന്നുള്ളയാളെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഇവരുടെ പക്ഷം.

രാജ്യസഭാംഗത്വം നല്‍കി ധുമലിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും ബിജെപിയുടെ അണിയറയില്‍ നടക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി ദേശിയ നേതാക്കളായ നിര്‍മല സീതാരാമന്‍, നരേന്ദ്ര തോമര്‍ തുടങ്ങിയവര്‍ ഇന്ന് സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഈ യോഗത്തില്‍ ഇരു വിഭാഗങ്ങളെയും അനുനയിപ്പിക്കാനായാല്‍ മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 

ഹിമാചലിലെ 68 സീറ്റില്‍ 44 എണ്ണം നേടി ബിജെപി വ്യക്തമായ ഭൂരിപക്ഷം തെളിയിച്ചിരുന്നു. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തി കാട്ടിയ പ്രേംകുമാര്‍ ധുമല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാജേന്ദ്ര റാണയോട് പരാജയപ്പെടുകയായിരുന്നു. 

അവസാന നിമിഷം സീറ്റ് മറ്റിയതാണ് ധുമലിന്റെ പരാജയത്തിന്റെ കാരണമെന്നാണ് ധുമല്‍ പക്ഷത്തിന്റെ ആരോപണം.