മുംബൈ: ഡി.എച്ച്.എഫ്.എല്‍. അഴിമതി കേസിലെ കുറ്റാരോപിതരായ വധാവന്‍ സഹോദരങ്ങള്‍ സി.ബി.ഐ കസ്റ്റഡിയിലാണെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു. 

ഡി.എച്ച്.എഫ്.എല്‍. പ്രമോട്ടര്‍മാരായ കപില്‍ വധാവന്‍, ധീരജ് വധാവന്‍ സഹോദരങ്ങള്‍ യെസ് ബാങ്കുമായി ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. കേസില്‍ ഫെബ്രുവരി 21 മുതല്‍ ഇവര്‍ ജാമ്യം നേടിയിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് പുണെയിലെ കണ്ടാലയില്‍നിന്ന് മഹാബലേശ്വറിലേക്ക് യാത്ര ചെയ്ത വധാവന്‍ സഹോദരന്‍മാരും കുടുംബാംഗങ്ങളും ജോലിക്കാരുമടക്കം 21 പേര്‍ മാര്‍ച്ച് ഏഴിന് പോലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് സത്താറയില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു ഇരുവരും. ക്വാറന്റൈന്‍ തീരുന്ന മുറയ്ക്ക് ഇവരെ കസ്റ്റഡിയിലെടുക്കണണെന്നായിരുന്നു ആഭ്യന്തരമന്ത്രി സിബിഐയോട് അഭ്യര്‍ഥിച്ചിരുന്നത്. ബുധനാഴ്ച ഇവരുടെ 14 ദിവസത്തെ ക്വാറന്റൈന്‍ സമയം അവസാനിച്ചിരുന്നു. തുടര്‍ന്നാണ് ഇവരെ സിബിഐ കസ്റ്റഡിയിലെടുത്തത്. 

കേസില്‍ മഹാരാഷ്ട്ര ആഭ്യന്തര പ്രിന്‍സിപ്പള്‍ സെക്രട്ടറി അമിതാഭ് ഗുപ്തയ്‌ക്കെതിരെയുള്ള റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അമിതാഭ് ഗുപ്തയുടെ സഹായത്തോടെയാണ് ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ മറിതടന്ന് ഇവര്‍ മഹബലേശ്വറിലുള്ള ഫാംഹൗസിലേക്ക് യാത്ര ചെയ്തത്. ഇതേ തുടര്‍ന്ന് അമിതാഭ് ഗുപ്തയെ മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ബന്ധിത അവധിയില്‍ അയച്ചിരുന്നു.