ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കോമഡി കിങ് എന്ന് വിളിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. രാഹുൽ ഗാന്ധി ഏറ്റവും നന്നായി ചെയ്യുന്ന സ്റ്റാൻഡ് അപ്പ് കോമഡിയിൽ മുഴുകുകയാണ്. രാഹുൽ ഗാന്ധിയുടെ ദുരുദ്ദേശ്യപരമായ അവകാശവാദങ്ങളും വാഗ്വാദങ്ങളും ഓരോ തവണയും സമഗ്രമായ അന്വേഷണത്തിൽ തകർന്നെന്നും തെറ്റായ വ പ്രചാരണങ്ങൾ ഇന്ത്യയിലെ ജനങ്ങളിൽ നിറയ്ക്കുന്നതിൽ പരാജയപ്പെട്ടിട്ടും രാഹുൽ വീണ്ടും തെറ്റിധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും കേന്ദ്രമന്ത്രി എക്സിൽ കുറിച്ചു.
രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കൾ ഗൗതം അദാനിയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖംമൂടി ധരിച്ച് പാർലമെന്റിന് വെളിയിൽ പരിഹാസ ഇന്റർവ്യൂ നടത്തിയതാണ് കേന്ദ്രമന്ത്രിയെ ചൊടുപ്പിച്ചത്. ഈ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ധർമേന്ദ്ര പ്രധാൻ രാഹുൽ ഗാന്ധിയെ കോമഡി കിങ് എന്ന് വിശേഷിപ്പിച്ചത്.
രാഹുലിന്റെ പഴകിയ പ്രചാരണം ഏറ്റെടുക്കാൻ ആരുമില്ലെന്നുള്ളതിന്റെ സാക്ഷ്യമാണ് 2014 മുതലുള്ള തിരഞ്ഞെടുപ്പ് വിധികൾ. ഈ വിചിത്രമായ ശ്രമം ഹാസ്യരാജാവിൻ്റെ മറ്റൊരു തീവ്രശ്രമമാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
അദാനി മോദി ബന്ധം ചൂണ്ടിക്കാട്ടി പ്രതിപക്ഷം പാർലമെന്റിലടക്കം പ്രതിഷേധം കടുപ്പിച്ചതിന്റെ ഭാഗമായാണ് പാർലമെന്റ് കെട്ടിടത്തിന് പുറത്ത് പരിഹാസ ഇന്റർവ്യൂ നടത്തിയത്. അദാനിയുടെയും മോദിയുടെയും മുഖംമൂടിയണിഞ്ഞ എംപിമാരോട് നിങ്ങൾ തമ്മിലെന്താണ് ബന്ധമെന്ന് രാഹുൽ ആരാഞ്ഞപ്പോൾ ഞങ്ങൾ ഒന്നാണെന്നായിരുന്നു എംപിമാരുടെ മറുപടി. എന്തുകൊണ്ട് മോദി മൗനം ഭജിക്കുന്നതെന്ന ചോദ്യത്തിന് അദ്ദേഹം കുറച്ചായി ടെൻഷനിലാണെന്നായിരുന്നു അദാനിയുടെ മുഖംമൂടിയണിഞ്ഞ എംപി മറുപടി പറഞ്ഞത്. അടുത്ത പ്ലാൻ എന്താണെന്ന ചോദ്യത്തിന് ഇതുവരെ തീരുമാനിച്ചില്ലെന്നും വൈകിട്ട് മീറ്റിങ്ങുണ്ടെന്നും എംപിമാർ പരിഹാസരൂപേണ മറുപടി നൽകി.
Content Highlights: Dharmendra Pradhan calls Rahul Gandhi Comedy King
Published: 09 Dec 2024, 10:26 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented