ന്യൂഡല്‍ഹി: ആയുധ നിര്‍മ്മാണത്തില്‍ വലിയ നേട്ടവുമായി ഇന്ത്യന്‍ സൈന്യം. രാജ്യത്ത് ആദ്യമായി തദ്ദേശീയമായി രൂപകല്‍പ്പന ചെയ്യുകയും നിര്‍മിക്കുകയും ചെയ്ത ദീര്‍ഘദൂര പീരങ്കിയായ ധനുഷ് തിങ്കളാഴ്ച സൈന്യത്തിന് സമര്‍പ്പിക്കും. അഡീഷണല്‍ ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫ് ഇന്ത്യന്‍ ആര്‍മി ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സ്വദേശി ബൊഫേഴ്‌സ് എന്നറിയപ്പെടുന്ന 155മി.മി/45 കാലിബര്‍ ധനുഷ് ദീര്‍ഘദൂര മിസൈലുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് നിര്‍മ്മിച്ചത്. 38 കിലോമീറ്റര്‍ ദൂരം വരെ  ശേഷിയുള്ള ധനുഷിന്റെ 81 ശതമാനം ഭാഗങ്ങളും തദ്ദേശീയമായി നിര്‍മിച്ചതാണ്. രാത്രിയും പകലും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന ധനുഷ് ലഡാക്ക് മലയിടുക്കുകളിലും രാജസ്ഥാന്‍ മരുഭൂമിയിലും ഒരു പോലെ ഉപയോഗിക്കാന്‍ കഴിയും

സാങ്കേതികമായും ഏറെ മികച്ചതാണ് ധനുഷ് പീരങ്കികള്‍. സിക്കിം, ലേ, ബലാസോര്‍ ഒഡീഷ, പൊക്രാന്‍ തുടങ്ങി വ്യത്യസ്ത കാലവസ്ഥകളുള്ള ഇന്ത്യന്‍ പ്രദേശങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച ശേഷമാണ് ഇവ സൈന്യത്തിന് കൈമാറുന്നത്. ഡി.ആര്‍.ഡി.ഒ, ഡി.ജി.ക്യു.എ, ബി.ഇ.എ, എസ്.എ.ഐ.എല്‍ എന്നീ സര്‍ക്കാര്‍ ഏജന്‍സികളിലെയും സ്വകാര്യ കമ്പനികളിലേയും വിദഗ്ദന്‍മാര്‍ ചേര്‍ന്നാണ് ധനുഷ് വികസിപ്പിച്ചത്. 

പ്രയോഗത്തിലും, ശക്തിയിലും സ്വീഡിഷ് നിര്‍മ്മിത ബൊഫോഴ്സിനെ വെല്ലുന്ന ധനുഷ് ദൂരത്തിലും, കൃത്യതയിലും വെടിയുതിര്‍ക്കുന്നതിലും  എല്ലാം മറ്റെല്ലാ പീരങ്കികളേയും കടത്തിവെട്ടും. കഴിഞ്ഞ മാസമാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം ധനുഷ് പീരങ്കികള്‍ക്ക് അനുമതി നല്‍കിയത്.

content highlights: Dhanush to be inducted into Indian Army on Monday