Representational Image. Photo: Facebook/Go First
ന്യൂഡല്‍ഹി: ബെംഗളൂരു വിമാനത്താവളത്തില്‍നിന്ന് 55 യാത്രക്കാരെ കയറ്റാതെ പറന്ന സംഭവത്തില്‍ ഗോ ഫസ്റ്റ് വിമാനക്കമ്പനിക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ). ബെംഗളൂരു - ഡല്‍ഹി വിമാനമാണ് ജനുവരി ഒന്‍പതിന് ടിക്കറ്റെടുത്ത് കാത്തുനിന്ന മുഴുവന്‍ യാത്രക്കാരെയും കയറ്റാതെ പറന്നുയര്‍ന്നത്. സംഭവത്തില്‍ ഡിജിസിഎ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് വിമാനക്കമ്പനി നല്‍കിയ മറുപടി വിശദമായി പരിശോധിച്ചശേഷമാണ് പിഴ ചുമത്തിയത്.
വിമാനത്തില്‍ യാത്രക്കാരെ കയറ്റുന്നത് സംബന്ധിച്ച് ജീവനക്കാരും വിമാനത്താവള ടെര്‍മിനല്‍ കോ-ഓര്‍ഡിനേറ്ററും തമ്മില്‍ ആശയവിനിമയം നടത്തുന്നതിലുണ്ടായ വീഴ്ച അടക്കമുള്ളവ മൂലമാണ് യാത്രക്കാരെ കയറ്റാതെ പോകേണ്ടിവന്നതെന്ന് ഗോ ഫസ്റ്റ് വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് അടക്കമുള്ളവ വേണ്ടരീതിയില്‍ ക്രമീകരിക്കുന്നതില്‍ വിമാനക്കമ്പനിയുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി ഡിജിസിഎ കണ്ടെത്തി. ചട്ടലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഴ ചുമത്തിയത്.
വിമാനത്തില്‍ കയറാനുള്ള യാത്രക്കാരെ നാല് ബസുകളിലാണ് അന്ന് കൊണ്ടുപോയത്. ഇതില്‍ ഒരു ബസിലുണ്ടായിരുന്ന അന്‍പതോളം യാത്രക്കാര്‍ കയറാനുള്ള ഊഴത്തിനായി കാത്തുനില്‍ക്കവെയാണ് വിമാനം ടേക്കോഫ് ചെയ്തത്. ഇതിനുപിന്നാലെ യാത്രക്കാര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപക പരാതി ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയേയും ടാഗ് ചെയ്തുകൊണ്ടായിരുന്നു ട്വീറ്റുകള്‍. വിമാനത്തില്‍ കയറാന്‍ കഴിയാത്തവരെ നാല് മണിക്കൂറിനുശേഷമാണ് മറ്റൊരുവിമാനത്തില്‍ കയറ്റിവിട്ടതെന്ന പരാതി ഉയര്‍ന്നിരുന്നു.
രണ്ട് രാജ്യാന്തര വിമാനങ്ങളില്‍ യാത്രക്കാരുടെ മാന്യതയില്ലാത്ത പെരുമാറ്റം റിപ്പോര്‍ട്ടു ചെയ്യാത്തതിന്റെ പേരില്‍ എയര്‍ഇന്ത്യയ്ക്ക് ഡിജിസിഎ നേരത്തെ 40 ലക്ഷം രൂപപിഴ ചുമത്തിയിരുന്നു. പിന്നാലെയാണ് ഗോഫസ്റ്റിനെതിരായ നടപടി.
Content Highlights: Go First air DGCA 10 lakh fine
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..