ഭിലായ്: എല്ലാ തരത്തിലുള്ള ഹിംസകള്‍ക്കുമുള്ള ഏക മറുപടി വികസനം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചത്തീസ്ഗഢില്‍ നിരവധി പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബസ്തര്‍ എന്ന സ്ഥലം അറിയപ്പെട്ടിരുന്നത് അക്രമങ്ങളുടെ പേരിലായിരുന്നു. ഇന്ന് ഈ പ്രദേശം അറിയപ്പെടുന്നത് പുതുതായി താന്‍ ഉദ്ഘാടനം ചെയ്യുന്ന ജഗ്ദല്‍പൂര്‍ വിമാനത്താവളത്തിന്റെ പേരിലാണെന്നും മോദി പറഞ്ഞു. ജഗ്ദല്‍പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ വിമാന സര്‍വീസിന്റെ ഫ്‌ളാഗ് ഓഫ് മോദി നിര്‍വഹിച്ചു.

'മുന്‍ സര്‍ക്കാരുകള്‍ ഇവിടെ റോഡുകള്‍ പോലും പണിതില്ല. എന്നാല്‍ തങ്ങള്‍ ഇവിടെ ഒരു വിമാനത്താവളം പണിതിരിക്കയാണ്. ബാസ്തറില്‍ അക്രമത്തിന്റെ പാത ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് വരുന്ന യുവാക്കളുടെ എണ്ണം കൂടുകയാണ്. ഗതാഗത സൗകര്യങ്ങള്‍ വര്‍ധിക്കുന്നത് വ്യവസായങ്ങള്‍ വര്‍ധിക്കാന്‍ കാരണമാവും. അത് തൊഴിലുകളുടെ വര്‍ധനക്ക് കാരണമാവും'-മോഡി വ്യക്തമാക്കി.

ആധുനികരിച്ച ഭിലായ് സ്റ്റീല്‍ പ്ലാന്റും ഭിലായ് ഐഐടി ക്യാമ്പസും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.