ബെംഗളുരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ ജനമനസ്സുകളെ സ്വാധീനിക്കുന്നുണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്ന്  ജനതാദള്‍ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവഗൗഡ. പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധി സൈക്കിളില്‍ യാത്ര ചെയ്തത് ചൂണ്ടിക്കാണിച്ചായിരുന്നു ദേവഗൗഡയുടെ പരാമര്‍ശം.

ആരുടേയും പ്രവര്‍ത്തനങ്ങളെ വിലകുറിച്ച് കാണുന്നില്ല എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ സൈക്കിള്‍ യാത്രയെ രാജ്യത്തെ ജനങ്ങള്‍ ഏത് രീതിയില്‍ ഉള്‍ക്കൊണ്ടു എന്നത് വ്യക്തമല്ല. രാഹുല്‍ ഗാന്ധി ചെറുപ്പക്കാരനായ ഒരു നേതാവാണെന്നും ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി രാഹുലിന് ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്നും ദേവഗൗഡ പറഞ്ഞു. 

രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങളേയും ദേവഗൗഡ വിമര്‍ശിച്ചു. പ്രതിപക്ഷ പാര്‍ട്ടികളെല്ലാം പ്രദേശിക പാര്‍ട്ടികളായി ഒതുങ്ങി കഴിഞ്ഞെന്നും മോദിക്കെതിരായി ഒന്നിച്ച്  അണിനിരക്കും എന്ന പ്രഖ്യാപനം ഇപ്പോഴും ശൈശവ ഘട്ടത്തിലാണെന്നും ദേവഗൗഡ പറഞ്ഞു. രാഷ്ട്രീയത്തില്‍ ആര്‍ക്കും ആരുടേയും പ്രവര്‍ത്തനങ്ങളെ തടഞ്ഞ് നിര്‍ത്താന്‍ കഴിയില്ല. ആശയങ്ങള്‍ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുക മാത്രമാണ് ജനശ്രദ്ധ നേടാനുള്ള ഏകമാര്‍ഗ്ഗം എന്നും ദേവഗൗഡ പറഞ്ഞു. 

പാര്‍ലമെന്റിലെ വര്‍ഷകാല സമ്മേളനം അലങ്കോലപ്പെടുത്തിയതിനേയും ദേവഗൗഡ വിമര്‍ശിച്ചു. പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങളും ഭരണപക്ഷ എംപിമാരും ഉണ്ടാക്കിയ കോലാഹലങ്ങള്‍ കാരണം തനിക്ക് സംസാരിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടുവെന്നും 30 വര്‍ഷത്തെ പാര്‍ലമെന്ററി ജീവിതത്തില്‍ ഇതാദ്യമായാണ് ഇത്തരം ഒരു സംഭവത്തിന് സാക്ഷ്യം വഹിക്കുന്നതെന്നും ദേവഗൗഡ പറഞ്ഞു. ജനാധിപത്യ മൂല്യങ്ങളില്‍ നിന്നുമുള്ള വ്യതിയാനമാണ് ഇത് കാണിക്കുന്നത്.രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്  വേണ്ടി പോരാടിയവരെ അപമാനിക്കുന്നതിന് തുല്യമാണ് ഇതെന്നും ദേവഗൗഡ പറഞ്ഞു.

content highlights: deve gowda critise rahul ghandi