ബെംഗളൂരു: ഭീകരാക്രമണങ്ങള്‍ ഇപ്പോള്‍മാത്രം ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. തന്റെ പിതാവ് എച്ച്.ഡി ദേവഗൗഡ പ്രധാനമന്ത്രി ആയിരുന്ന കാലത്ത് ഭീകരാക്രമണങ്ങളൊന്നും ഉണ്ടാവാതിരുന്നത് എന്തുകൊണ്ടാണ്. അതേക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതുണ്ടെന്ന് കഴിഞ്ഞ ദിവസം മൈസൂരുവില്‍ നടന്ന റാലിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

കശ്മീരിലേക്ക് പോകാന്‍ പ്രധാനമന്ത്രി മോദിക്ക് പല തലത്തിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ ആവശ്യമാണ്. എന്നാല്‍, ഇന്ത്യ - പാക് അതിര്‍ത്തിയിലേക്ക് തുറന്ന ജീപ്പില്‍ സഞ്ചരിച്ച ഒരേയൊരു പ്രധാനമന്ത്രി ദേവഗൗഡയാണ്. ഇന്ത്യ - പാക് സംഘര്‍ഷം മൂര്‍ച്ഛിക്കുന്നത് എവിടേക്കാണ് പോകുന്നതെന്ന് ചിന്തിക്കണം. ബി.ജെ.പി പ്രവര്‍ത്തകര്‍ വിജയക്കൊടി പാറിക്കുന്നത് യുദ്ധവിമാനം പറപ്പിച്ച് പാക് മണ്ണില്‍ ആക്രമണം നടത്തിയത് അവരാണെന്ന തരത്തിലാണ്. സ്ഥിതിഗതികളെ സ്ഥാപിത താത്പര്യങ്ങള്‍ക്കായി ദുര്‍വിനിയോഗം ചെയ്യുകയാണ് അവര്‍. രാജ്യത്തെ സംരക്ഷിക്കുന്നത് അവര്‍ മാത്രമാണെന്ന തരത്തിലാണ് പെരുമാറുന്നതെന്നും കുമാരസ്വാമി ആരോപിച്ചു.

അതിനിടെ, ഇത്തരം വിജയാഘോഷങ്ങള്‍ രാജ്യത്തെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഭിന്നത ഉണ്ടാക്കാനെ ഉപകരിക്കൂവെന്ന അദ്ദേഹത്തിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്തെത്തി. അദ്ദേഹം ഒരു ഇന്ത്യന്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിയാണെന്ന കാര്യം മറക്കരുതെന്ന് ബിജെപി വിമര്‍ശിച്ചു. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഇന്ത്യാ വിരുദ്ധ മാനസികാവസ്ഥയാണ് വെളിപ്പെടുത്തുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി. ഇതോടെ തന്റെ വാക്കുകള്‍ വളച്ചൊടിച്ച് വിവാദമുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് കുമാരസ്വാമി തിരിച്ചടിച്ചു.

Content Highlights; Deve Gawda, Terror attacks, BJP, Kumara Swami