ന്യൂഡൽഹി: സാലഡ് ഉണ്ടാക്കുന്നത് പോലെ കേന്ദ്ര സർക്കാർ പാർലമെന്റിൽ ബില്ലുകൾ പാസാക്കിയെടുക്കുന്നു എന്ന തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക് ഒബ്രിയന്റെ പരാമർശത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി.

തൃണമൂൽ കോൺഗ്രസ് നേതാവിന് സാലഡ് അലർജിയാണെങ്കിൽ അദ്ദേഹം മീൻ കറി ഉണ്ടാക്കിക്കോട്ടെ. പക്ഷെ പാർലമെന്റിനെ ഒരു മത്സ്യച്ചന്തയാക്കി മാറ്റരുതെന്ന് മുഖ്താർ അബ്ബാസ് നഖ്വി പറഞ്ഞു. പാർലമെന്റിനെ തകർക്കാൻ വേണ്ടി ഇത്തരത്തിൽ ഗൂഢാലോചനയോടെ പ്രവർത്തിക്കുന്നവരെ ഇതിന് മുമ്പ് കണ്ടിട്ടില്ല. നിങ്ങൾ പാർലമെന്റിന്റെ പാരമ്പര്യത്തെയാണ് കളങ്കപ്പെടുത്തുന്നത്. കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

കേന്ദ്ര സർക്കാർ പാർലമെന്റിൽ മതിയായ ചർച്ചകൾ നടത്താതെ വളരെ വേഗത്തിൽ തന്നെ നിരവധി ബില്ലുകൾ പാസാക്കിയെക്കുന്നുവെന്നാരോപിച്ചാണ് തൃണമൂൽ എം.പി. രംഗത്തെത്തിയത്. സാലഡ് പോലെ കേന്ദ്രം ബില്ലുകൾ പാസ്സാക്കിയെടുക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. എന്നാൽ പിന്നീട് ഈ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി. നേതാക്കൾ രംഗത്തെത്തിയപ്പോൾ അദ്ദേഹം അത് തിരുത്തി. സാലഡാണ് പ്രശ്നമെങ്കിൽ അത് മാറ്റി ദോക്ല (ഗുജറാത്തി പലഹാരം) എന്നാക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസ പ്രസ്താവന.

പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്രം പാസാക്കിയെടുത്ത ബില്ലുകളും പാസാക്കാൻ വേണ്ടിയെടുത്ത സമയവും ചേർത്തുകൊണ്ടുള്ള ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ഡെറിക് ഒബ്രിയേന്റെ ട്വീറ്റ്. 
 

പാർലമെന്റ് സമ്മേളനം പലപ്പോഴായി പ്രതിപക്ഷ ബഹളത്തിൽ നിർത്തി വെക്കുകയായിരുന്നു. പെഗാസസ് വിഷയത്തിൽ ചർച്ച വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിരന്തരം പ്രതിഷേധിച്ചിരുന്നു.


Content Highlights: Derek O’Brien can have fish curry. But don’t turn Parliament into fish market - mukthar abbas naqvi