മുംബൈ: റെയില്‍വേ പാളത്തില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവിനെ റെയില്‍വേ പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. മുംബൈയിലെ വിരാര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് 32 വയസ്സുകാരനെ റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സ് രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം. 

അമ്മയുടെ മരണത്തെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദം മൂലമാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. റെയില്‍വേ ട്രാക്കില്‍ കിടന്ന ഇയാളെ ട്രെയിന്‍ വരുന്നതിന് തൊട്ടുമുന്‍പ് റെയില്‍വേ പോലീസ് പിടിച്ചുമാറ്റുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. 

വിരാര്‍ സ്വദേശിയായ യുവാവ് കുടുംബത്തിനൊപ്പമാണ് താമസിക്കുന്നത്. ഈ മാസം ആദ്യമാണ് ഇയാളുടെ അമ്മ മരിച്ചത്. തുടര്‍ന്ന് ഇയാള്‍ വലിയ മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നാണ് റെയില്‍വേ പോലീസ് പറയുന്നത്. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)