ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനുശേഷം ബാങ്കുകളിലെത്തിയ അസാധുനോട്ടുകള്‍ ഇനിയും എണ്ണിത്തീര്‍ന്നിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍. പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രത്യേക സംഘം ദിവസം മുഴുവനും നോട്ടുകള്‍ എണ്ണുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംഘത്തിലുള്ളവര്‍ക്ക് ഞായറാഴ്ച ഒഴികെ ഒരുദിവസവും അവധി നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എത്ര അസാധുനോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന ചോദ്യം സമാജ്‌വാദി പാര്‍ട്ടിയിലെ നരേഷ് അഗര്‍വാള്‍, തൃണമൂല്‍ എം പി സൗഗതോ റോയ് എന്നിവര്‍ ഉന്നയിച്ചു. ഇതേത്തുടര്‍ന്നാണ് ആര്‍.ബി.ഐ ഗവര്‍ണര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. രാജ്യത്ത് ഇപ്പോള്‍ വിനിമയം ചെയ്യപ്പെടുന്നത് 15.4 ലക്ഷം കോടി രൂപയാണെന്ന് ഊര്‍ജിത് പട്ടേല്‍ വ്യക്തമാക്കി. നോട്ട് അസാധുവാക്കിയ കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇത് 17.7 ലക്ഷം കോടി ആയിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഹകരണ ബാങ്കുകളില്‍നിന്നും നേപ്പാളില്‍നിന്നും അസാധു നോട്ടുകള്‍ ഇപ്പോഴും ലഭിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പോസ്റ്റ് ഓഫീസുകള്‍ അസാധു നോട്ടുകള്‍ പൂര്‍ണമായും റിസര്‍വ് ബാങ്കില്‍ നിക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നോട്ട് അസാധുവാക്കലിനുശേഷം ഇത് രണ്ടാം തവണയാണ് ഊര്‍ജിത് പട്ടേല്‍ പാര്‍ലമെന്ററി സമിതിക്ക് മുന്നിലെത്തുന്നത്. കഴിഞ്ഞ ജനവരിയില്‍ അദ്ദേഹം സമിതിക്ക് മുന്നിലെത്തിയിരുന്നു. എന്നാല്‍ എം.പി മാരുടെ ചോദ്യങ്ങള്‍ അവസാനിക്കാത്തിനാല്‍ കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലിയുടെ അധ്യക്ഷതയിലുള്ള സമിതി അദ്ദേഹത്തെ വീണ്ടും വിളിച്ചുവരുത്തി.