കേസിലെ പ്രതികളായ ഇറ്റാലിയൻ നാവികർ| ഫോട്ടോ : മാതൃഭൂമി
ന്യൂഡൽഹി: കടൽക്കൊല കേസിൽ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കും ബോട്ട് ഉടമയ്ക്കും നൽകേണ്ട നഷ്ട പരിഹാര തുക ഇറ്റലി കെട്ടിവച്ചാലേ ക്രിമിനൽ കേസിലെ നടപടി അവസാനിപ്പിക്കു എന്ന് സുപ്രീം കോടതി . 10 കോടി രൂപ ആണ് ഇറ്റലി കെട്ടി വയ്ക്കേണ്ടത്. പണം കെട്ടിവച്ചാൽ നാവികർക്ക് എതിരായ ക്രിമിനൽ കേസിലെ നടപടികൾ അവസാനിപ്പിക്കുന്നതിൽ എതിർപ്പ് ഇല്ല എന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു.
നേരത്തെ നൽകിയ 2.17 കോടിക്ക് പുറമെ ആണ് 10 കോടി നഷ്ടപരിഹാരം ആയി ഇറ്റലി സർക്കാർ ഇന്ത്യയ്ക്ക് കൈമാറുന്നത്. രാജ്യാന്തര ട്രിബ്യുണൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആണ് ഇറ്റലി നഷ്ടപരിഹാരം നൽകുന്നത്. ഈ തുക കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിർദേശിക്കുന്ന അക്കൗണ്ടിൽ ഇറ്റലി നിക്ഷേപിക്കണം. തുടർന്ന് തുക കേന്ദ്ര വിദേശകാര്യ മന്ത്രാലയം സുപ്രീം കോടതിയിൽ കെട്ടി വയ്ക്കണം. ഇതിന് ശേഷമേ കേസിന്റെ നടപടികൾ അവസാനിപ്പക്കണം എന്ന കേന്ദ്ര സർക്കാരിന്റെ അപേക്ഷ പരിഗണിക്കുകയുള്ളൂ എന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
നഷ്ടപരിഹാര തുക വിതരണം ചെയ്യുന്നത് സംബന്ധിച്ച തീരുമാനം ഇന്ത്യ ആണ് സ്വീകരിക്കേണ്ടത് എന്നും ഇറ്റലി സുപ്രീംകോടതിയെ അറിയിച്ചു. വെടിയേറ്റ് മരിച്ച ജലസ്റ്റിൻ, അജേഷ് പിങ്കി എന്നിവരുടെ കുടുംബാംഗങ്ങളും സെയിന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിയും നഷ്ടപരിഹാരം സ്വീകരിക്കാം എന്ന് വ്യക്തമാക്കിയാതായി കേരളം ഇന്ന് സുപ്രീം കോടതിയെ അറിയിച്ചു. ജലസ്റ്റിൻ, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങൾക്ക് നാല് കോടി രൂപ വീതം ആണ് നഷ്ടപരിഹാരം ലഭിക്കുക. സെയിന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിക്ക് രണ്ട് കോടി രൂപ ലഭിക്കും.
അതെ സമയം വെടിവയ്പ്പ് സമയത്ത് സെയിന്റ് ആന്റണീസ് ബോട്ടിൽ ഉണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാര തുകയിൽ നിന്ന് വിഹിതം ലഭിക്കുമോ എന്ന് വ്യക്തമല്ല. കേന്ദ്ര സർക്കാരിന് വേണ്ടി ഇന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആണ് ഇന്ന് സുപ്രീം കോടതിയിൽ ഹാജരായത്. സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്‌തയും, സ്റ്റാന്റിംഗ് കോൺസൽ ജി പ്രകാശും ആണ് ഹാജരായത്. വെടിയേറ്റ് മരിച്ച ജലസ്റ്റിന്റെ ഭാര്യ ഡോറയ്ക്ക് വേണ്ടി അഭിഭാഷകരായ സി ഉണ്ണികൃഷ്ണൻ, എ കാർത്തിക് എന്നിവർ ഹാജരായി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..