സിദ്ദിഖ് കാപ്പൻ| Photo: Screengrab- Mathrubhumi News
ന്യൂഡല്‍ഹി: യുഎപിഎ കേസില്‍ മഥുര ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്ത്തകന് സിദ്ദിഖ് കാപ്പന് വൈദ്യസഹായവും ചികിത്സയും നിഷേധിക്കുന്നതിനെതിരേ കോടതിയലക്ഷ്യ ഹര്‍ജി. ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി രാജേന്ദ്ര കുമാര്‍ തിവാരി, ഡിജിപി ഹിറ്റിഷ് ചന്ദ്ര അവസ്തി ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരേയാണ് കേരള പത്ര പ്രവര്‍ത്തക യൂണിയന് സുപ്രീം കോടതിയില്‍ കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്.
2021 ഏപ്രില്‍ 28 ന് പുറപ്പടുവിച്ച ഉത്തരവില്‍ സിദ്ദിഖ് കാപ്പന് വൈദ്യസഹായവും ചികിത്സയും ലഭ്യമാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഡല്‍ഹിയിലെ എയിംസിലേക്ക് കാപ്പനെ മാറ്റാനും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവ് ലംഘിക്കപ്പെടുന്നുവെന്ന് ആരോപിച്ചാണ് കേരള പത്രപ്രവര്‍ത്തക യൂണിയന് സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്.
കോവിഡ് ബാധയും ഉയര്‍ന്ന പ്രമേഹവും ഉണ്ടായിരുന്ന സിദ്ദിഖ് കാപ്പനെ ഡല്‍ഹിയിലെ എയിംസില്‍ നിന്ന് മെയ് ആറാം തീയതി നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്തതും കോടതിയലക്ഷ്യമാണെന്ന് ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. ചികിത്സ ഇനിയും വൈകിയാല്‍ നികത്താനാകാത്ത നഷ്ടം ഉണ്ടാകുമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന് ആരോപിക്കുന്നു.
അറസ്റ്റിലായി ഒരു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം ലഭിച്ചിട്ടില്ലെന്നും നിരപരാധിത്വം തെളിയിക്കാന്‍ സിദിഖ് കാപ്പന് നാര്‍കോ അനാലിസിസ് ഉള്‍പ്പടെയുള്ള പരിശോധനകള്‍ക്ക് തയ്യാറാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും പുറമെ, മഥുര ജില്ലാ ജയിലിലെ സീനിയര്‍ സൂപ്രണ്ട് ശൈലേന്ദ്ര കുമാര്‍ മൈത്രേയ്, അഭ്യന്തര വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിമാരായ എസ് പി ഉപാധ്യായ, കുമാര്‍ പ്രശാന്ത് എന്നിവര്‍ക്ക് എതിരെയാണ് കോടതി അലക്ഷ്യ ഹര്‍ജി. അഭിഭാഷകന് വില്‍സ് മാത്യൂസ് ആണ് ഹര്‍ജി ഫയല്‍ ചെയ്തത്.
Content Highlights: denying treatment to Siddique Kappan; KUWJ files Contempt of court appeal in SC
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..