അഹമ്മദാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മൂന്ന് ദിവസത്തെ ഗുജറാത്ത്‌ സന്ദര്‍ശനം ഇന്ന് ആരംഭിച്ചു. ഗുജറാത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സന്ദര്‍ശനം.  

മൂന്ന് പതിറ്റാണ്ടായി ബിജെപി കൈയടക്കി വെച്ചിരിക്കുന്ന സൗരാഷ്ട്ര മേഖലയില്‍ നിന്നാണ് പ്രചാരണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി സൗരാഷ്ട്ര മേഖലയില്‍ നടത്താനിരുന്ന തുറന്ന വാഹനത്തിലെ റോഡ്‌ഷോയ്ക്ക് പോലീസ് അനുമതി നിഷേധിച്ചു. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് ദ്വാരക മുതല്‍ ജാംനഗര്‍ വരെയുള്ള 135 കിലോമീറ്റര്‍ റോഡ്‌ഷോയ്ക്ക് അനുമതി നിഷേധിച്ചത്. തുടര്‍ന്ന് ദ്വാരകയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ഹജ്ജ്‌റാപുരിലാണ് രാഹുല്‍ കാളവണ്ടിയില്‍ റോഡ് ഷോ നടത്തിയത്. സാധാരണയായി കിടക്കയും ശുചിമുറിയുമുള്‍പ്പെടെ ക്രമീകരിച്ചിരിക്കുന്ന ആഢംബര ബസിലാണ് രാഹുല്‍ ഗാന്ധി നഗരങ്ങളില്‍ എത്തുന്നത്. 

ഗുജറാത്ത് നിയമസഭയിലെ 182 എംഎല്‍എമാരില്‍ 58 പേരെയും സംഭാവന ചെയ്തിരിക്കുന്നത് സൗരാഷ്ട്ര മേഖലയാണ്. പട്ടേല്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗത്തിന് വലിയ സ്വാധീനമുള്ള മേഖലയാണ് സൗരാഷ്ട്ര. അതുകൊണ്ട് തന്നെ ഇവരുടെ പിന്തുണ ഉറപ്പാക്കി ബിജെപിയെ നേരിടാനാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഗുജറാത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ പട്ടേല്‍ വിഭാഗത്തിന്റെ പിന്തുണ കോണ്‍ഗ്രസ് ഉറപ്പാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പട്ടീദാര്‍ സമര നായകന്‍ ഹാര്‍ദിക് പട്ടേലും സന്ദര്‍ശനത്തില്‍ രാഹുലിനെ അനുഗമിക്കുന്നുണ്ട്.  

തൊഴിലിനും വിദ്യാഭ്യാസത്തിനും സംവരണം ആവശ്യപ്പെട്ട് 2015 ജൂലൈയില്‍ നടന്ന പട്ടേല്‍ പ്രക്ഷോഭങ്ങളുടെ പ്രഭവകേന്ദ്രവും സൗരാഷ്ട്ര മേഖലയായിരുന്നു. പട്ടേല്‍ സമരങ്ങള്‍ക്ക് വേദിയായ ദ്വാരക, ജാംനഗര്‍, മോര്‍ബി, രാജ്‌കോട്ട്, സുരേന്ദ്രന്‍നഗര്‍ തുടങ്ങിയ സ്ഥലങ്ങളിലും പ്രചാരണത്തിന്റെ ഭാഗമായി രാഹുല്‍ സന്ദര്‍ശിക്കും. ബുധനാഴ്ചയാണ് പ്രചാരണം അവസാനിക്കുന്നത്. 

മുതിര്‍ന്ന പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് ഉപദേശകനുമായ അഹമ്മദ് പട്ടേല്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നേടിയ വിജയത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ഗുജറാത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മൂന്ന് പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് മൂന്ന് ദിവസം നീളുന്ന കോണ്‍ഗ്രസ് പ്രചാരണത്തിന് ഗുജറാത്ത് സാക്ഷ്യം വഹിക്കുന്നത്. മുമ്പ് 1991ല്‍ രാജീവ് ഗാന്ധി ഗുജറാത്തില്‍ രണ്ട് ദിവസം താമസിച്ച് പ്രചാരണം നടത്തിയിരുന്നു.

ജിഎസ്ടിയുടെയും നോട്ട് അസാധുവാക്കലിന്റെയും ദോഷവശങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി പ്രചാരണത്തിന്റെ രണ്ടാം ദിനമായ ചൊവ്വാഴ്ച അദ്ദേഹം മേഖലയിലെ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തും. പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനങ്ങളിലെ വിവിധ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തും. തിരഞ്ഞെടുപ്പിനു മുന്നോടിയായി മൂന്ന് തവണ കൂടി അദ്ദേഹം ഗുജറാത്ത് സന്ദര്‍ശിക്കുന്നുണ്ട്.