ലഖ്‌നൗ: പൊതുമേഖലാ ബാങ്കുകള്‍ വായ്പ നിരസിച്ചതിനെ തുടര്‍ന്ന് വൃക്ക വില്പനക്ക് വെച്ച് ഉത്തര്‍പ്രദേശിലെ കര്‍ഷകന്‍. യുപിയിലെ ചട്ടാര്‍ സലി ഗ്രാമവാസിയായ രാംകുമാര്‍ എന്ന യുവകര്‍ഷകനാണ് തന്റെ വൃക്കകളിലൊന്ന്‌ വില്‍പനക്ക് വെച്ചിരിക്കുന്നത്. 

പ്രധാനമന്ത്രി കൗശല്‍ വികാസ് പദ്ധതിപ്രകാരം ക്ഷീര കര്‍ഷക പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട് രാംകുമാര്‍. ഇതിന്റെ സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളെല്ലാം ഹാജരാക്കിയിട്ടും ഒരു പൊതുമേഖലാ ബാങ്കും തനിക്ക് വായ്പ നല്‍കിയില്ലെന്ന് അദ്ദേഹം പറഞ്ഞു. 

കന്നുകാലികളെ വാങ്ങുന്നതിനും ഷെഡ് പണിയുന്നതിനുമായി ബന്ധുക്കളില്‍ പണം കടംവാങ്ങിയിരുന്നു. എന്നാല്‍ പലിശയടക്കം ബന്ധുക്കളില്‍ നിന്ന്‌ ഇപ്പോള്‍ തിരിച്ച് നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. വൃക്ക വില്‍ക്കുകയല്ലാതെ ഈ പണം തിരിച്ച് കൊടുക്കാന്‍ തനിക്ക് മറ്റൊരു വഴിയുമില്ലെന്നും രാംകുമാര്‍ പറഞ്ഞു.

വൃക്ക വില്പനക്കുണ്ടെന്ന് കാണിച്ച് രാംകുമാര്‍ പട്ടണങ്ങളിലും മറ്റു പൊതുയിടങ്ങളിലും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.

Content Highlights: Denied loan by banks, UP farmer puts up kidney for sale