മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതയായ 42 കാരിയായ സ്ത്രീ ആത്മഹത്യ ചെയ്തു. രോഗബാധിതയായ ഇവരെ പ്രവേശിപ്പിക്കാന്‍ വാര്‍ജെ മാല്‍വാടി പ്രദേശത്തെ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചതായി ഭര്‍ത്താവ് ആരോപിച്ചു. എന്നാല്‍ ആരോപണം നിഷേധിച്ച ആശുപത്രി അധികൃതര്‍ കോവിഡ് ചികിത്സയ്ക്ക് ശേഷം ഇവരെ ഡിസ്ചാര്‍ജ് ചെയ്തിരുന്നുവെന്ന് വ്യക്തമാക്കി. 

ഏപ്രില്‍ രണ്ട് മുതല്‍ ഭാര്യക്ക് കോവിഡിന്റെ നേരിയ ലക്ഷണങ്ങളുണ്ടെന്ന് ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞു. ലക്ഷണങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് ഏപ്രില്‍ എട്ടിന് പുണെയിലെ വാര്‍ജെ മാല്‍വാഡി പ്രദേശത്തെ കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് ദിവസത്തിന് ശേഷം ഏപ്രില്‍ 11 ന് അവരെ ഡിസ്ചാര്‍ജ് ചെയ്തു.

എന്നാല്‍ ചികിത്സ തുടരണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതര്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്തുവെന്നാണ് സ്ത്രീയുടെ ഭര്‍ത്താവിന്റെ ആരോപണം. ചികിത്സയിലെ പ്രശ്‌നങ്ങളെക്കുറിച്ച് ഭാര്യ തന്നോട് പരാതിപ്പെട്ടിരുന്നുവന്നെും ഇയാള്‍ പറഞ്ഞു.

വീണ്ടും അവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ ചികിത്സിച്ച ഡോക്ടര്‍ പുണെയില്‍ തന്നെയുള്ള ആശുപത്രിയുടെ പ്രധാന ശാഖയിലേക്ക് സിടി സ്‌കാനിനായി റഫര്‍ ചെയ്തുവെന്നും അയാള്‍ പറഞ്ഞു. തുടര്‍ന്ന് ഭാര്യയെ ആശുപത്രിയില്‍ തിരിച്ചെത്തിച്ചെങ്കിലും കിടക്കകള്‍ ലഭ്യമല്ലാത്തതിനാല്‍ ആശുപത്രി തിച്ചയച്ചു എന്നാണ് ആരോപണം. ഇതിന്റെ പിറ്റേ ദിവസമാണ് സ്ത്രീയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

അതേസമയം, തങ്ങള്‍ക്ക് ലഭിച്ച പരാതിയില്‍ ഭാര്യക്ക് ആശുപത്രിയില്‍ കിടക്ക നിഷേധിച്ചതായി ഭര്‍ത്താവ് പരാമര്‍ശിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ആശുപത്രി അധികൃതരും പ്രതികരിച്ചു. രോഗമുക്തി നേടിയതിനാലാണ് ഇവരെ ഡിസ്ചാര്‍ജ് ചെയ്തതെന്നും മറ്റ് കോവിഡ് രോഗികള്‍ക്ക്  ബെഡ് ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: Denied hospital bed, Covid patient in Pune dies by suicide; doctor says she had recovered