ന്യൂഡല്‍ഹി: ത്രിപുരയില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടക്കുന്നുവെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കുന്നു. വധശ്രമം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തി തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സായോനി ഘോഷിനെ ത്രിപുര പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ അക്രമിച്ചെന്നും അവര്‍ ആരോപിച്ചിരുന്നു.

നവംബര്‍ 25-ന് ത്രിപുരയില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംഘര്‍ഷം. അക്രമസംഭവങ്ങള്‍ ചൂണ്ടിക്കാട്ടി അമിത് ഷായെ കാണാന്‍ തൃണമൂല്‍ നേതാക്കള്‍ അനുമതി തേടിയെങ്കിലും നിരസിക്കുകയാണ് ഉണ്ടായത്.  തങ്ങള്‍ പലതവണ അമിത് ഷായുമായി കൂടിക്കാഴ്ചക്ക് അനുമതി ചോദിച്ചു. അനുമതി തന്നില്ല. അതുകൊണ്ട് ആഭ്യന്തര മന്ത്രാലയത്തിന് പുറത്ത് പ്രതിഷേധിക്കാന്‍ തങ്ങള്‍ തീരുമാനിച്ചതെന്ന് തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി പറഞ്ഞു.

ഇതിനിടെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്ന് ഡല്‍ഹിയിലെത്തുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മമതാ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.