ന്യൂഡല്‍ഹി: മോദിയെ എന്തിനും ഏതിനും വിമര്‍ശിക്കുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി. വ്യക്തിപരമായല്ല, വിഷയാധിഷ്ഠിതമായിട്ടായിരിക്കണം ആളുകളെ വിലയിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

'മോദിയെ എപ്പോഴും ദുഷ്ടനായി ചിത്രീകരിക്കുന്നത്‌ തെറ്റാണെന്ന് ഇപ്പോഴും പറയുന്നു. മോദി രാജ്യത്തിന്റെ പ്രധാനമന്ത്രി ആയതു കൊണ്ടു മാത്രമല്ല ഇതു പറയുന്നത്. യഥാര്‍ഥത്തില്‍ പ്രതിപക്ഷത്തിന്റെ ഏകപക്ഷീയ നിലപാടുകള്‍ മോദിയെ സഹായിക്കുകയാണ് ചെയ്യുന്നത്.  പ്രവൃത്തികള്‍ എപ്പോഴും നല്ലതോ മോശമോ വ്യത്യസ്തമോ ആയിരിക്കാം. അവ വിലയിരുത്തപ്പെടേണ്ടത് വിഷയങ്ങള്‍ അനുസരിച്ചാകണം, അല്ലാതെ വ്യക്തിപരമായിട്ടല്ല. മറ്റു പല പദ്ധതികളെപ്പോലെ 'ഉജ്വല'യും തീര്‍ച്ചയായും നല്ലതാണ്. സിങ്‌വി പറഞ്ഞു. 

നേരത്തെ കോണ്‍ഗ്രസ് നേതാവായ ജയറാം രമേശും സമാനമായ പരാമര്‍ശം നടത്തിയിരുന്നു. മോദിയെ എല്ലായ്പോഴും കുറ്റപ്പെടുത്തുന്നത് ഗുണകരമാകില്ലെന്നാണ് ഡല്‍ഹിയില്‍ ഒരു പുസ്തക പ്രകാശനവേളയില്‍ ജയറാം രമേശ് പറഞ്ഞത്. 

 'മോദിയുടെ ഭരണ മാതൃക പൂര്‍ണമായും മോശമല്ല. മോദിയുടെ പ്രവൃത്തികളെ എല്ലായ്പോഴും തള്ളിക്കളയേണ്ട കാര്യമില്ല. ജനങ്ങളുമായി അദ്ദേഹത്തെ ബന്ധിപ്പിക്കുന്ന തരത്തിലുള്ള ഭാഷയിലാണ് മോദി സംസാരിക്കുന്നത്. ഇതിനു മുന്‍പ് ആരും ചെയ്തിട്ടില്ലാത്തതും ജനങ്ങളുടെ അംഗീകാരമുള്ളതുമായ കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നത് എന്ന കാര്യം തിരിച്ചറിയാതെ നമുക്ക് അദ്ദേഹത്തെ നേരിടാനാവില്ല. എല്ലായ്പോഴും മോദിയെ കുറ്റപ്പെടുത്തിക്കൊണ്ട് അദ്ദേഹത്തെ ശരിയായി ചെറുക്കാനാവില്ലെന്നും ജയറാം രമേശ് പറയുകയുണ്ടായി.

Content Highlights:  Abhishek Manu Singhvi was reacting to comments by Jairam Ramesh