ന്യൂഡല്‍ഹി: നവംബര്‍ എട്ട് ഇന്ത്യയ്ക്ക് ദുഃഖദിനമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാജ്യത്തിന്റെ വികാരം മനസിലാക്കാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചിട്ടില്ല- രാഹുല്‍ പറഞ്ഞു. നോട്ട് നിരോധനം ദുരന്തമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2016 നവംബര്‍ എട്ടിനാണ് നോട്ട് നിരോധനം നിലവില്‍ വന്നത്. 

നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം കരിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം മാധ്യമ പ്രവര്‍ത്തകരോടായിരുന്നു രാഹുലിന്റെ പ്രതികരണം.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുന്‍ ധനമന്ത്രി പി ചിദംബരം തുടങ്ങിയ നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തു. 

നോട്ട് നിരോധനവും ജി എസ് ടിയും ഇരട്ട പ്രഹരമാണ് സൃഷ്ടിച്ചത്. നോട്ട് നിരോധനം ദുരന്തമായിരുന്നെങ്കില്‍ ഒരു നല്ല ആശയം മോശമായി നടപ്പിലാക്കുകയായിരുന്നു ജി എസ് ടിയിലൂടെ സംഭവിച്ചത്. രാഹുല്‍ പറഞ്ഞു.

നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികമായ നവംബര്‍ എട്ട് കരിദിനമായി ആചരിക്കാന്‍ കോണ്‍ഗ്രസ്, ഡി എം കെ., ഇടതുപക്ഷം, ത്രിണമൂല്‍ തുടങ്ങി പതിനെട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മ ചേര്‍ന്ന് തീരുമാനിച്ചതായി ഇന്നലെ പ്രഖ്യാപനം പുറത്തെത്തിയിരുന്നു.

നോട്ട് നിരോധനത്തിനു ശേഷമുണ്ടായ സാമ്പത്തിക മാന്ദ്യത്തിലേക്ക് വിരല്‍ ചൂണ്ടാന്‍ രാജ്യമെമ്പാടും വിവിധ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.