കുളു: നോട്ട് അസാധുവാക്കലിന്റെ വാര്‍ഷികമായ നവംബര്‍ എട്ടിന് വ്യാപക പ്രതിഷേധം സംഘടിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ കോലം കത്തിക്കുന്നതില്‍ ഭയമില്ല. കള്ളപ്പണത്തിനെതിരായ പോരാട്ടം തുടരുമെന്ന് ഹിമാചല്‍പ്രദേശിലെ കുളുവില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു.

നോട്ട് അസാധുവാക്കല്‍ നടപ്പാക്കാതിരുന്നതിന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ നരേന്ദ്രമോദി രൂക്ഷമായി വിമര്‍ശിച്ചുവെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. വേണ്ട സമയത്ത് ഇന്ദിരാഗാന്ധി നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയിരുന്നുവെങ്കില്‍ ഭാരിച്ചജോലി തനിക്ക് ചെയ്യേണ്ടി വരില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

യശ്വന്ത്‌റാവു ചവാന്‍ അധ്യക്ഷനായ സമിതി ശുപാര്‍ശ നല്‍കിയിട്ടും നോട്ട് അസാധുവാക്കല്‍ നടപ്പാക്കാന്‍ ഇന്ദിര തയ്യാറായില്ല. രാജ്യ താത്പര്യത്തെക്കാളും സ്വന്തം പാര്‍ട്ടിയുടെ താത്പര്യത്തിനാണ് അവര്‍ പ്രാധാന്യം നല്‍കിയത്. കോണ്‍ഗ്രസിന് സ്വന്തം പാര്‍ട്ടിയുടെ താത്പര്യമാണ് വലുത്. കോണ്‍ഗ്രസും അഴിമതിയും തമ്മില്‍ അവിഭാജ്യമായ ബന്ധമാണുള്ളത്. വൃക്ഷവും വേരും തമ്മിലുള്ള ബന്ധമാണത്. അഴിമതിയാണ് കോണ്‍ഗ്രസിന്റെ മുഖമുദ്രയെന്ന് പ്രധാനമന്ത്രി ആരോപിച്ചു.അഴിമതിക്കേസുകള്‍ നേരിടുന്നവരാണ് നിരവധി കോണ്‍ഗ്രസ് നേതാക്കളെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് മൂന്നു ലക്ഷം കമ്പനികളാണ് അടച്ചുപൂട്ടിയത്. അത്തരത്തിലുള്ള 5000 ത്തോളം കമ്പനികളെപ്പറ്റി നടത്തിയ അന്വേഷണത്തില്‍ 4000 കോടിയുടെ വെട്ടിപ്പ് കണ്ടെത്തി. കൂടുതല്‍ കമ്പനികളെപ്പറ്റി അന്വേഷണം തുടരുകയാണ്.

നോട്ട് അസാധുവാക്കല്‍ മൂലം ബുദ്ധിമുട്ട് നേരിടേണ്ടി വന്നതാണ് കോണ്‍ഗ്രസിന്റെ രോഷത്തിന് കാരണം. നടപടി നിരവധി കോണ്‍ഗ്രസുകാരുടെ ഉറക്കം കെടുത്തി. അതിന്റെ രോഷം അടങ്ങിയിട്ടില്ല. സര്‍ക്കാര്‍ നടപടിയുടെ ദോഷഫലം അനുഭവിക്കേണ്ടിവന്ന കുറച്ചുപേരാണ് നവംബര്‍ എട്ടിന് കരിദനം ആചരിക്കാന്‍ ഒരുങ്ങുന്നതെന്നും പ്രധാനമന്ത്രി ആരോപിച്ചു.

Demonitisation PM Narendra Modi Himachal Predesh