ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം രംഗത്ത്. നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച തീരുമാനമെടുത്ത കേന്ദ്രമന്ത്രിസഭാ യോഗത്തിലെ കാബിനറ്റ് നോട്ട് പരസ്യപ്പെടുത്താന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് ചിദംബരം പറഞ്ഞു.

പണം ബാങ്കുകളില്‍ എത്തിക്കുക എന്നതായിരുന്നു നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യമെന്നും അത് നേടാന്‍ കഴിഞ്ഞുവെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. തൊട്ടുപിന്നാലെയാണ് ഉപരാഷ്ട്രപതിയുടെ പരാമര്‍ശത്തിനെതിരെ മുന്‍ ധനമന്ത്രി പി ചിദംബരം രംഗത്തെത്തിയിട്ടുള്ളത്. ചെന്നൈയില്‍ വ്യാഴാഴ്ച നടന്ന ചടങ്ങിനിടെയാണ് ഉപരാഷ്ട്രപതി നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച പരാമര്‍ശം നടത്തിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്ഗി നടത്തിയ പരാമര്‍ശത്തെയും ചിദംബരം രൂക്ഷമായി വിമര്‍ശിച്ചു. നാല് ലക്ഷം കോടിയുടെ കള്ളപ്പണം തിരിച്ചെത്തില്ലെന്ന് അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയെ അറിയിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ചിദംബരം ചോദിച്ചു.

ഉത്തരവാദിത്വം വര്‍ധിപ്പിക്കുക എന്നതായിരുന്നു നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യമെന്നും പണം ബാങ്കുകളില്‍ എത്തിയതോടെ ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞുവെന്നുമായിരുന്നു ചെന്നൈയില്‍ ഉപരാഷ്ട്രപതി നടത്തിയ പരാമര്‍ശം. പണം ബാങ്കിലെത്തിയതോടെ നികുതിയും ബാങ്ക് നിരക്കുകളും കുറയുമെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞിരുന്നു.

കള്ളനോട്ടും കള്ളപ്പണവും ഇല്ലാതാക്കുന്നതിനുവേണ്ടി കഴിഞ്ഞവര്‍ഷം നവംബര്‍ എട്ടിനാണ് 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയത്.

Demonitisation P Chidambaram