ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ സിലബസ് വെട്ടിക്കുറയ്ക്കാന്‍ സി.ബി.എസ്.ഇ. ഇതിന്റെ ഭാഗമായി മതേതരത്വം, നോട്ട് നിരോധനം, ഫെഡറലിസം, പൗരത്വം തുടങ്ങിയവയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളും സിലബസില്‍നിന്ന് നീക്കം ചെയ്യുന്നതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. വിദ്യാര്‍ഥികളുടെ പഠനഭാരവും അതുമൂലമുള്ള സമ്മര്‍ദ്ദവും കുറയ്ക്കുന്നതിനാണ് 2020-21 വര്‍ഷത്തെ പാഠഭാഗങ്ങളില്‍ കുറവു വരുത്തുന്നതെന്നാണ് വിശദീകരണം.
ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പൊളിറ്റിക്കല്‍ സയന്‍സ്, എക്കണോമിക്സ് സിലബസില്‍ 30 ശതമാനം വെട്ടിക്കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഏതാനും അധ്യായങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നോട്ട് നിരോധനം, മതേതരത്വം, ഫെഡറലിസം, പൗരത്വം തുടങ്ങിയവയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളും ഇപ്രകാരം ഒഴിവാക്കുന്നവയില്‍ ഉള്‍പ്പെടുന്നു.
സിബിഎസ്ഇ 11-ാം ക്ലാസ് സിലബസിലെ ‘Why do we need Local Governments?’ എന്ന യൂണിറ്റും ‘Growth of Local Government in India’ എന്ന യൂണിറ്റും പൂര്‍ണമായി നീക്കംചെയ്തിട്ടുണ്ട്. 12-ാം ക്ലാസിലെ 'Social and New Social Movements in India', ‘Changing nature of India's economic development’ and ‘Planning Commission and Five Year Plans’, ‘India's Relations with its Neighbours: Pakistan, Bangladesh, Nepal, Sri Lanka, and Myanmar’ എന്നിവയടക്കം ആറ് അധ്യായങ്ങള്‍ പൂര്‍ണമായും നീക്കിയിട്ടുണ്ട്.
ഒമ്പതാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് സിലബസിലെ 'ജനാധിപത്യാവകാശങ്ങളും ഇന്ത്യന്‍ ഭരണഘടനയുടെ ഘടനയും' എന്ന അധ്യായം പൂര്‍ണമായും നീക്കംചെയ്തു. എക്കണോമിക്സ് സിലബസിലെ 'ഇന്ത്യയിലെ ഭക്ഷ്യസുരക്ഷ' അധ്യായവും ഒഴിവാക്കിയിട്ടുണ്ട്.
പത്താം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് സിലബസില്‍നിന്ന് 'ജനാധിപത്യവും വൈവിധ്യവും', 'ജാതി, മതം, ലിംഗം', 'ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍' എന്നീ അധ്യായഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്.
കോവിഡ് 19 രോഗബാധയുടെ ഭാഗമായി രാജ്യത്തെമ്പാടും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് പാഠഭാഗങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര മാനവിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാല്‍ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് പഠനനിലവാരം കൈവരിക്കുന്നതിന് ഉതകുന്ന വിധത്തില്‍ പ്രധാനപ്പെട്ട വിഷയങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് സിലബസ് സാധ്യമായ രീതിയില്‍ ക്രമീകരിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.
Content Highlights: Demonetization, secularism chapters removed from CBSE syllabus to reduce burden on students
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..