ന്യൂഡല്‍ഹി: നോട്ട് നിരോധനം രാജ്യത്തെ കര്‍ഷകരെ സാരമായി ബാധിച്ചെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രാലയം. പാര്‍ലമെന്റ് ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തിലാണ് കര്‍ഷകരെ നോട്ട് നിരോധനം ബാധിച്ചുവെന്ന് മന്ത്രാലയം സമ്മതിച്ചത്. നോട്ട് നിരോധനം മൂലമുണ്ടായ പണത്തിന്റെ ലഭ്യതക്കുറവ് കാരണം ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് റാബി സീസണില്‍ ( വസന്ത കാലം) വിത്തുകളും വളവും വാങ്ങാന്‍ സാധിക്കാതെ വന്നുവെന്നാണ് കാര്‍ഷിക മന്ത്രാലയം സമ്മതിച്ചത്.
നോട്ട് അസാധുവാക്കല്‍ കാലത്ത് വിളകള്‍ വില്ക്കുവാനോ വിത്തുവിതയ്ക്കാനോ സാധിച്ചിരുന്നില്ലെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റിയെ കാര്‍ഷിക മന്ത്രാലയം അറിയിച്ചു. നോട്ട് അസാധുവാക്കല്‍ കര്‍ഷകരുടെ കൈവശമുണ്ടായിരുന്ന നോട്ടുകള്‍ ഉപയോഗശൂന്യമാക്കി. ഇത് കര്‍ഷകരെ ഗുരുതരമായി ബാധിച്ചുവെന്നും കാര്‍ഷികമന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതേസമയത്ത് സര്‍ക്കാര്‍ വികരണത്തിനു വെച്ച വിത്തുകള്‍പോലും വില്ക്കാന് സാധിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാഷണല്‍ സീഡ് കോര്‍പ്പറേഷന്റെ പക്കലുണ്ടായിരുന്ന 1.38 ലക്ഷം ക്വിന്റല്‍ വിത്തുകള്‍ വില്ക്കാന് പറ്റാതെ ആയി. വിത്തുകള്‍ വാങ്ങാന്‍ അസാധുവാക്കിയ നോട്ടുകള്‍ ഉപയോഗിക്കാമെന്ന ഇളവ് കൊണ്ടുവന്നെങ്കിലും അത് സ്ഥിതി മെച്ചപ്പെടുത്തിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
നോട്ട് അസാധുവാക്കല്‍ വന്‍കിട കര്‍ഷകരേയും ബാധിച്ചു. തങ്ങളുടെ നിലങ്ങളില്‍ പണിയെടുക്കുന്ന തൊളിലാളികള്‍ക്ക് കൂലികൊടുക്കാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള അവസ്ഥയുണ്ടായെന്നും കാര്‍ഷികമന്ത്രാലയം പറയുന്നു. അതേസമയം നോട്ട് അസാധുവാക്കല്‍ പിന്നീടുള്ള സാമ്പത്തിക പാദങ്ങളില്‍ തൊഴില്‍ കൂട്ടിയെന്ന് തൊഴില്‍ മന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ നോട്ട് അസാധുവാക്കല്‍ നടപടിയെ പ്രതിപക്ഷ അംഗങ്ങള്‍ നിശിതമായി വിമര്‍ശിച്ചു. സൂക്ഷ്മ-ചെറുകിട- ഇടത്തരം വ്യവസായങ്ങളില്‍ ഉണ്ടായ തൊഴില്‍ നഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ നല്‍കണമെന്ന് പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് ഉള്‍പ്പെടെ 31 അംഗങ്ങളാണ് പാര്‍ലമെന്റ് ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലുള്ളത്.
Content highlights: Demonetization, Agricultural Ministry, Cenrtral government, Farmers, Prliament Standing Committee
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..