പൂണെ: മൂന്ന് കോടി രൂപയോളം മൂല്യമുള്ള നിരോധിക്കപ്പെട്ട കറന്‍സി നോട്ടുകളുടെ ശേഖരം പോലീസ് പിടിച്ചെടുത്തു. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറില്‍ നിന്നാണ് നിരോധിക്കപ്പെട്ട നോട്ടുകള്‍ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും 48,000 നോട്ടുകളാണ് ഖടക് പോലീസ് സംഘം പിടിച്ചെടുത്തത്. 2.99 കോടി രൂപയുടെ നോട്ടുകളാണുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് പേരിലൊരാള്‍ മുന്‍സിപ്പല്‍ കൗണ്‍സിലറാണ്. നോട്ട്‌കെട്ടുകള്‍ കൈമാറാന്‍ ശ്രമിക്കുമ്പോഴാണ് ഇവര്‍ പിടിയിലായത്. രഹസ്യവിവരത്തെത്തുടര്‍ന്നാണ് പോലീസ് ഇവിടേക്കെത്തിയത്.

കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.

content highlights: Demonetised notes worth ₹3 crore seized in Pune, Demonetisation