ന്യൂഡല്‍ഹി: നോട്ട് നിരോധിക്കുന്നതിലൂടെ കള്ളപ്പണം തടയാനാവില്ലെന്ന് ആര്‍ബിഐ സര്‍ക്കാരിനെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ട്. ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള സെന്‍ട്രല്‍ ബോര്‍ഡാണ് ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചത്.
നോട്ട് നിരോധനത്തിന് ആര്‍ബിഐ അനുമതി നല്‍കിയെങ്കിലും നോട്ട് നിരോധിക്കാനുള്ള സര്‍ക്കാരിന്റെ ന്യായങ്ങളില്‍ ബോര്‍ഡ് അംഗങ്ങള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതില്‍ പ്രധാനപ്പെട്ടതായിരുന്നു നോട്ട് നിരോധനം മൂലം കള്ളപ്പണവും കള്ളനോട്ടും തടയുമെന്ന വാദത്തില്‍ അംഗങ്ങളുടെ വിയോജിപ്പ്.
വിവരാവകാശ നിയമപ്രകാരം ലഭിച്ച നോട്ട് നിരോധനത്തിന് തൊട്ടുമുമ്പായി നടന്ന ആര്‍ബിഐ യോഗത്തിന്റെ മിനിറ്റ്സിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. സര്‍ക്കാര്‍ വാദങ്ങളെ ചില ബോര്‍ഡ് അംഗങ്ങള്‍ പൂര്‍ണ്ണമായും തള്ളിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ആര്‍ബിഐയുടെ യോഗം 2016 നവംബര്‍ എട്ടിന് വൈകീട്ട് 5.30നായിരുന്നു. ഈ യോഗത്തിന്റെ മിനിറ്റ്സാണ് പുറത്ത് വന്നത്. ഇത് കഴിഞ്ഞ് രണ്ടര മണിക്കൂറിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട്നിരോധനം പ്രഖ്യാപിക്കുകയും ചെയ്തു.
കള്ളപ്പണത്തില്‍ ബഹുഭൂരിക്ഷവും പണമായിട്ടല്ല. റിയല്‍ എസ്റ്റേറ്റ് മേഖലയിലും സ്വര്‍ണ്ണരൂപത്തിലുമൊക്കെയാണ്. നോട്ട്നിരോധനം കൊണ്ട് ഇത് തടയാന്‍ സാധിക്കില്ല. സാമ്പത്തിക വളര്‍ച്ചയേക്കാളും വേഗത്തിലാണ് ഉയര്‍ന്നമൂല്യമുള്ള നോട്ടുകളുടെ വളര്‍ച്ചയെന്നതടക്കമുള്ള സര്‍ക്കാര്‍ വാദങ്ങളേയും ആര്‍ബിഐ ഡയറക്ടര്‍മാര്‍ തള്ളി. ജിഡിപിയെ പ്രതികൂലമായി ബാധിക്കുമെന്നും ചില ഡയറക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
നോട്ട് നിരോധിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം ആര്‍ബിഐ ആറ് മാസത്തോളം ചര്‍ച്ച ചെയ്തിരുന്നുവെന്നും സര്‍ക്കാരും ആര്‍ബിഐയും അതിന് തയ്യാറെടുപ്പ് നടത്തിയിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
Content Highlights: Demonetisation won’t curb black money, RBI told government
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..