നോട്ട് നിരോധനം: ഉദ്ദേശ്യശുദ്ധി ഏകകണ്ഠമായി സുപ്രീംകോടതി ശരിവെച്ചത് കേന്ദ്രത്തിന് രാഷ്ട്രീയനേട്ടം


സ്വന്തം ലേഖകന്‍

ലക്ഷ്യം പൂര്‍ത്തീകരിച്ചില്ലെങ്കില്‍പ്പോലും നടപടി തെറ്റെന്ന് പറയാനാവില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം സുപ്രീംകോടതി അതുപോലെ അംഗീകരിച്ചു.

ഫയൽഫോട്ടോ - പിടിഐ

ന്യൂഡല്‍ഹി: നോട്ട് നിരോധനനടപടി ശരിവെച്ച സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ തീരുമാനം നരേന്ദ്രമോദി സര്‍ക്കാരിന് വലിയ ആശ്വാസം പകരും. നടപടിയുടെ നിയമസാധുത സുപ്രീംകോടതി ശരിവെച്ചില്ലെങ്കില്‍ സര്‍ക്കാരിന് ചോദ്യങ്ങള്‍ നേരിടേണ്ടിവരുമായിരുന്നു.

ഭിന്നവിധിയെഴുതിയ ജസ്റ്റിസ് ബി.വി. നാഗരത്നപോലും നോട്ട് നിരോധനത്തിന്റെ ഉദ്ദേശ്യശുദ്ധി അംഗീകരിച്ചിട്ടുണ്ട്. കള്ളനോട്ടും കള്ളപ്പണ ഇടപാടുകളും തടയുക, ഇതുപയോഗിച്ച് ഭീകരപ്രവര്‍ത്തനങ്ങളും മയക്കുമരുന്നുകടത്തും തടയുക എന്നീ ലക്ഷ്യങ്ങളാണ് നിരോധനത്തിന് പിന്നിലെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. ഈ ലക്ഷ്യം പൂര്‍ത്തീകരിച്ചില്ലെങ്കില്‍പ്പോലും നടപടി തെറ്റെന്ന് പറയാനാവില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം സുപ്രീംകോടതി അതുപോലെ അംഗീകരിച്ചു.

രാജ്യത്തിന്റെ സുരക്ഷയും സാമ്പത്തിക ആരോഗ്യവും കണക്കിലെടുത്തുള്ള നടപടി സദുദ്ദേശ്യപരമായിരുന്നുവെന്ന് ഭിന്നവിധിയെഴുതിയ ജസ്റ്റിസ് നാഗരത്നയും വ്യക്തമാക്കി. അതേസമയം, നോട്ടുകള്‍ പിന്‍വലിക്കാന്‍ വെറും 24 മണിക്കൂര്‍കൊണ്ട് ശുപാര്‍ശചെയ്ത റിസര്‍വ് ബാങ്ക് ഒട്ടും ചിന്തിച്ചില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

വ്യക്തിതാത്പര്യത്തേക്കാള്‍ വലുത് പൊതുതാത്പര്യം

വ്യക്തികള്‍ക്ക് ബുദ്ധിമുട്ടുണ്ടായി എന്ന കാരണത്താല്‍ നോട്ട് നിരോധന വിജ്ഞാപനം റദ്ദാക്കണമെന്ന് പറയുന്നതില്‍ കഴമ്പില്ലെന്ന് ജസ്റ്റിസ് ബി.ആര്‍. ഗവായ് എഴുതിയ ഭൂരിപക്ഷ വിധിയില്‍ പറഞ്ഞു.

വ്യക്തിഗത താത്പര്യത്തേക്കള്‍ വലുതാണ് വിശാലമായ പൊതുതാത്പര്യം. നിരോധിച്ച നോട്ടുകള്‍ അന്ന് മാറ്റിയെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഒരിക്കല്‍ക്കൂടി അവസരമൊരുക്കണമെന്ന ആവശ്യത്തില്‍ കോടതിക്ക് ഇടപെടാനാവില്ല. സാമ്പത്തികവും പണപരവുമായ വിഷയങ്ങളില്‍ കോടതിക്ക് വൈദഗ്ധ്യമില്ല. ഏതെങ്കിലും വിഭാഗം ജനങ്ങള്‍ക്ക് വീണ്ടും അവസരം നല്‍കണമെന്ന് സര്‍ക്കാരിന് തോന്നുന്നുവെങ്കില്‍ അത് ചെയ്യാം.

സമയപരിധി വെച്ചതില്‍ തെറ്റില്ല

നിരോധിച്ച നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സമയപരിധി നിശ്ചയിച്ചതില്‍ യുക്തിരഹിതമായി ഒന്നുമില്ലെന്ന് പഴയ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയത്. 1978-ല്‍ നോട്ട് നിരോധിച്ചപ്പോള്‍ മൂന്നുദിവസമാണ് മാറ്റിയെടുക്കാന്‍ നല്‍കിയത്. അഞ്ചുദിവസംകൂടി ഗ്രേസ് പിരീഡും നല്‍കിയിരുന്നു. കുറച്ചുദിവസങ്ങള്‍ മാത്രം അനുവദിച്ചത് മൗലികാവകാശ ലംഘനവും യുക്തിരഹിതവുമാണെന്ന ഹര്‍ജി അന്ന് ഭരണഘടനാ ബെഞ്ച് തള്ളിയതും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ഭൂരിപക്ഷ വിധി

1.റിസര്‍വ് ബാങ്ക് നിയമത്തിലെ 26(രണ്ട്) വകുപ്പുപ്രകാരം കേന്ദ്രത്തിനുള്ള അധികാരം ചില സീരീസ് നോട്ടുകള്‍ സംബന്ധിച്ച് മാത്രമല്ല എല്ലാ സീരീസ് നോട്ടുകള്‍ക്കുമാണ്. മുന്‍പ് രണ്ടുതവണ നിരോധിച്ചത് നിയമം ഉപയോഗിച്ചായിരുന്നു എന്നതുകൊണ്ടുമാത്രം റിസര്‍വ് ബാങ്ക് നിയമപ്രകാരമുള്ള അധികാരം കേന്ദ്രത്തിനില്ലെന്ന് പറയാനാവില്ല.

2.റിസര്‍വ് ബാങ്കിന്റെ സെന്‍ട്രല്‍ ബോര്‍ഡിന്റെ ശുപാര്‍ശയോടെ മാത്രമേ 26(രണ്ട്) വകുപ്പ് ഉപയോഗിക്കാനാവൂ എന്നതിനാല്‍ അതിനകത്തുതന്നെ സുരക്ഷാ മുന്‍കരുതലുമുണ്ട്.

3. 2016 നവംബര്‍ എട്ടിന് ഇറക്കിയ നോട്ട് നിരോധന വിജ്ഞാപനം ഏതെങ്കിലും നടപടിക്രമങ്ങള്‍ ലംഘിച്ചുകൊണ്ടല്ല.

4. ആനുപാതിക തത്ത്വങ്ങള്‍ ലംഘിച്ചുകൊണ്ട് അമിതാധികാരം ഉപയോഗിച്ചിട്ടില്ല എന്നതിനാല്‍ അക്കാരണത്താല്‍ വിജ്ഞാപനം റദ്ദാക്കാനാവില്ല.

5. നോട്ടുകള്‍ മാറ്റിയെടുക്കാന്‍ നല്‍കിയ സമയപരിധി യുക്തിരഹിതമാണെന്ന് പറയാനാവില്ല.

6. വിജ്ഞാപനത്തില്‍ പറയുന്ന സമയം കഴിഞ്ഞും നിരോധിത നോട്ടുകള്‍ സ്വീകരിക്കാന്‍ റിസര്‍വ് ബാങ്കിന് സ്വതന്ത്രാധികാരമില്ല.


ന്യൂനപക്ഷ വിധി

1. നോട്ട് നിരോധന ശുപാര്‍ശ റിസര്‍വ് ബാങ്കിന്റെ സെന്‍ട്രല്‍ ബോര്‍ഡാണ് കേന്ദ്രത്തിന് നല്‍കേണ്ടത്. ഏതെങ്കിലും മൂല്യമുള്ള നോട്ടുകളുടെ ഒരു പ്രത്യേക സീരീസ് നോട്ടുകള്‍ പിന്‍വലിക്കാനാണ് ശുപാര്‍ശ നല്‍കാനാവുക. ഇത് സര്‍ക്കാരിന് അംഗീകരിക്കുകയോ തള്ളുകയോ ആവാം.

2. ഭരണഘടനയുടെ ഏഴാം പട്ടികയിലെ ലിസ്റ്റ് ഒന്നിലെ 36-ാം ഇനമനുസരിച്ച് നോട്ട് നിരോധന ശുപാര്‍ശ നല്‍കാന്‍ കേന്ദ്രത്തിനും സാധിക്കും. എന്നാല്‍, അതിന് രാഷ്ട്രപതി ഓര്‍ഡിനന്‍സ് ഇറക്കുകയും പിന്നീട് പാര്‍ലമെന്റില്‍ നിയമം കൊണ്ടുവരികയും വേണം. അല്ലാതെ ഗസറ്റ് വിജ്ഞാപനം ഇറക്കിക്കൊണ്ട് ചെയ്യുന്നത് നിയമപരമല്ല.

3. നോട്ട് നിരോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നെങ്കില്‍ സെന്‍ട്രല്‍ ബോര്‍ഡിന്റെ അഭിപ്രായം തേടിയിരിക്കണം. ബോര്‍ഡ് അംഗീകരിച്ചില്ലെങ്കിലും നടപ്പാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഓര്‍ഡിന്‍സ്, നിയമനിര്‍മാണം എന്നിവയുമായി മുന്നോട്ടുപോകാം. അല്ലാതെ, റിസര്‍വ് ബാങ്ക് നിയമപ്രകാരം ഇറക്കുന്ന വിജ്ഞാപനം നിയമപരമല്ല. എന്നാല്‍, അത് നടപ്പായിക്കഴിഞ്ഞതിനാല്‍ ഇപ്പോള്‍ പറഞ്ഞതിന് മുന്‍കാലപ്രാബല്യം നല്‍കുന്നില്ല.

ലക്ഷ്യം ഉചിതമായില്ലെന്ന് പറയാനാവില്ല; വിധിയില്‍ പറയുന്നത്

സെന്‍ട്രല്‍ ബോര്‍ഡിന്റെ ശുപാര്‍ശയനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധിക്കാനെടുത്ത തീരുമാനത്തിനുപിന്നിലെ ലക്ഷ്യങ്ങള്‍ ഉചിതമായിരുന്നില്ലെന്ന് പറയാനാകില്ല. മറ്റ് ബദല്‍മാര്‍ഗങ്ങള്‍ നോക്കാതെ നോട്ട് നിരോധന നടപടി ആവശ്യമായിരുന്നോ എന്നതാണ് മറ്റൊരു ചോദ്യം. ലക്ഷ്യം നേടാന്‍ ഏതാണ് ഏറ്റവും ഉചിതമായ മാര്‍ഗമെന്നത് വിദഗ്ധരാണ് തീരുമാനിക്കേണ്ടത്. സാമ്പത്തികവും പണപരവും കറന്‍സി നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിദഗ്ധരായ റിസര്‍വ് ബാങ്കുമായി ആലോചിച്ച് കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് അത് ചെയ്യേണ്ടത്.

കേന്ദ്രനടപടി പ്രത്യക്ഷത്തില്‍തന്നെ ഏകപക്ഷീയവും യുക്തിരഹിതവുമാണെന്ന് വ്യക്തമാകാത്തിടത്തോളം കോടതിക്ക് അതില്‍ ഇടപെടേണ്ടതില്ലെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.

Content Highlights: Demonetisation Supreme Court Central Government


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


Cow Hug Day

1 min

പശുവിനെ കെട്ടിപ്പിടിക്കൂ; ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്ന് കേന്ദ്രം

Feb 8, 2023

Most Commented