ബല്‍ഗാം: 'മോദി നിര്‍മിത ദുരന്ത'മാണ് നോട്ട് അസാധുവാക്കല്‍ നടപടിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇതു മൂലം മോദിയുടെ സുഹൃത്തുക്കളായ 50 കുടുംബങ്ങള്‍ക്ക് മാത്രമാണ് പ്രയോജനം ലഭിച്ചതെന്നും കര്‍ണാടകത്തിലെ ബല്‍ഗാമില്‍ നടന്ന പൊതുസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്തെ കര്‍ഷകരെ പരിഹസിക്കുന്ന നടപടിയാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. മനുഷ്യനിര്‍മിത ദുരന്തത്തിന് സമാനമാണ് 'മോദി നിര്‍മിത ദുരന്ത'മായ നോട്ട് പിന്‍വലിക്കല്‍ നടപടി. സാമ്പത്തിക തട്ടിപ്പു നടത്തിയ വിജയ് മല്യയ്ക്ക് എന്ത് അടിസ്ഥാനത്തിലാണ് 1,200 കോടിയുടെ സാമ്പത്തിക ഇളവ് അനുവദിച്ചതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

കള്ളപ്പണത്തിനും അഴിമതിയ്ക്കും എതിരായി സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏത് നിലപാടിനും കോണ്‍ഗ്രസിന്റെ പിന്തുണ ഉണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ നോട്ട് നിരോധനം എന്ന നാടകം കള്ളപ്പണത്തിനോ അഴിമതിയ്‌ക്കോ എതിരായ നടപടിയല്ല. ഇന്ത്യയിലെ 99 ശതമാനം വരുന്ന സത്യസന്ധരായ ജനങ്ങള്‍ക്കു മേലുള്ള കടന്നാക്രമണമാണിത്. 

തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വിദേശത്തുള്ള കള്ളപ്പണത്തെക്കുറിച്ചായിരുന്നു മോദി പറഞ്ഞിരുന്നത്. അത് തിരിച്ചുപിടിക്കുമെന്നും ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം വീതം നിക്ഷേപിക്കുമെന്നുമായിരുന്നുവാഗ്ദാനം. എന്നാല്‍ അത് സംഭവിച്ചില്ലെന്നു മാത്രമല്ല, ഒരു കള്ളപ്പണക്കാരന്‍ പോലും അറസ്റ്റ് ചെയ്യപ്പെട്ടുമില്ല. സ്വിസ്സ് ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ പേരുകള്‍ പുറത്തുവിടാനും ഇതുവരെ മോദി തയ്യാറായിട്ടില്ല. ആദ്യം ആ പേരുകള്‍ പാര്‍ലമെന്റില്‍ വയ്ക്കുകയാണ് മോദി ചെയ്യേണ്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.