ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷികമായ നവംബര്‍ എട്ടിന് രാജ്യം കരിദിനമായി ആചരിക്കുമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് അറിയിച്ചു.

സൂക്ഷ്മതയില്ലാതെ എടുത്ത തീരുമാനമെന്നും നൂറ്റാണ്ടിലെ ഏറ്റവും വലിയ അഴിമതിയെന്നുമായിരുന്നു പത്രസമ്മേളനത്തില്‍ നോട്ട് അസാധുവാക്കലിനെ പ്രതിപക്ഷ നേതാക്കള്‍ വിശേഷിപ്പിച്ചത്. 

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രെയില്‍, ജെഡിയു നേതാവ് ശരത് യാദവ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. 
 
ജനങ്ങളെ ദുരിതത്തിലാക്കുന്ന സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് അന്ന് 18 രാഷ്ട്രീയ പാര്‍ട്ടികളാണ് രാജ്യത്തുടനീളം ആവശ്യമുയര്‍ത്തിയത്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ അതിന് തയാറായില്ല. 

സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി ലോകത്തിലെവിടെയും ആര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് നോട്ട് അസാധുവാക്കലിനെ നൂറ്റാണ്ടിന്റെ തട്ടിപ്പ് എന്ന് വിശേഷിപ്പിക്കുന്നതെന്നും അത് നടപ്പാക്കിയ ദിനം കരിദിനമായി ആചരിക്കുന്നതെന്നും ഗുലാം നബി ആസാദ്  അറിയിച്ചു. 

കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രതിരോധിക്കുന്നതിനായി കൂട്ടായ പ്രവര്‍ത്തനം നടത്താന്‍ നേതാക്കള്‍ തീരുമാനമെടുത്തതിനു പിന്നാലെയാണ് ഇന്നത്തെ പ്രഖ്യാപനം. 

നോട്ട് അസാധുവാക്കല്‍, സാമ്പത്തിക മേഖലയിലെ തളര്‍ച്ച, ജിഎസ്ടി തുടങ്ങിയ സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ 18 പ്രതിപക്ഷ പാര്‍ട്ടികളാണ് പ്രതിഷേധത്തിനൊരുങ്ങുന്നത്.