ഭോപ്പാല്‍: ഹിന്ദുക്കളുടെ എണ്ണം ഭൂരിപക്ഷമായിരിക്കുന്നിടത്തോളം രാജ്യത്ത് ജനാധിപത്യം സുരക്ഷിതമെന്ന് കേന്ദ്രസഹമന്ത്രി ഗിരിരാജ് സിങിന്റെ വിവാദപ്രസ്താവന. ഹിന്ദുക്കള്‍ ന്യൂനപക്ഷമായി മാറിയാല്‍ സാമൂഹ്യഐക്യവും ദേശീയതയും അപകടത്തിലാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ ഹിന്ദുക്കള്‍ കൂടുതലായതിനാലാണ് ഇവിടെ ജനാധിപത്യം സംരക്ഷിക്കപ്പെടുന്നത്. അവരുടെ എണ്ണം മറ്റു മതസ്ഥരെ അപേക്ഷിച്ച് കുറഞ്ഞാല്‍ ജനാധിപത്യവും പുരോഗതിയും സാമൂഹ്യഐക്യവുമെല്ലാം കുഴപ്പത്തിലാവും. ഉത്തര്‍പ്രദേശ്,അസം,പശ്ചിമബംഗാള്‍,കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലായി 54 ജില്ലകളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായി മാറിയിട്ടുണ്ട്.

ഇവിടങ്ങളില്‍ മുസ്ലീംകളാണ് ഭൂരിപക്ഷം. ജനസംഖ്യാപരമായ ഈ വ്യതിയാനം രാജ്യത്തിന്റെ ഐക്യത്തിനും ദേശീയതയ്ക്കും ഭീഷണിയാണ് എന്നും ഗിരിരാജ് സിങ് ആരോപിച്ചു.