ന്യൂഡല്‍ഹി: വെറും വ്യവസ്ഥിതി മാത്രമല്ല ഇന്ത്യക്ക് ജനാധിപത്യമെന്നും അത് നമ്മുടെ പ്രകൃതത്തിലും ജീവിതത്തിന്റെ അംശവുമായി ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. 82-ാമത് ഓള്‍ ഇന്ത്യ പ്രിസൈഡിങ് ഓഫീസേഴ്‌സ് കോണ്‍ഫറന്‍സ് വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കണമെങ്കില്‍ എല്ലാവരെയും ചേര്‍ത്ത് മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വരും വര്‍ഷങ്ങളില്‍ രാജ്യത്തെ നമുക്ക് പുതിയ ഉയരങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്. അനന്യസാധാരണമായ ലക്ഷ്യങ്ങള്‍ കൈവരിക്കേണ്ടതുമുണ്ട്. എല്ലാവരുടെയും ശ്രമത്തോടെ മാത്രമേ അത് നമുക്ക് സാധ്യമാക്കാന്‍ കഴിയൂ- അദ്ദേഹം പറഞ്ഞു.

സഭകളില്‍ നിലവാരമുള്ളതും ആരോഗ്യപരവുമായ ചര്‍ച്ചകള്‍ക്കായി പ്രത്യേക സമയം വേണമെന്ന ആശയവും പ്രധാനമന്ത്രി മുന്നോട്ടുവെച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പരസ്പരം ഉന്നയിക്കുന്നതിന് പകരം ഗൗരവതരവും മാന്യതയുള്ളതുമാകണം ഇത്തരം ചര്‍ച്ചകളെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ മൂല്യങ്ങളില്‍ അധിഷ്ഠിതമായിരിക്കണം സഭാസാമാജികരുടെ പെരുമാറ്റമെന്നും മോദി കൂട്ടിച്ചേര്‍ത്തു. 

content highlights: democracy is not just a system for india- prime minister narendra modi