ചെന്നൈ: ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി രാജ്യതാത്പര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുമെന്ന് ചൈനയ്ക്ക് അറിയാമെന്ന് രാഹുല്‍ വിമര്‍ശിച്ചു. ബി.ജെ.പിയുടെ ഭരണത്തിന് കീഴില്‍ ഇന്ത്യയിലെ ജനാധിപത്യം മരിച്ചുവെന്നും രാഹുല്‍ ആരോപിച്ചു. 

കഴിഞ്ഞ ആറ് വര്‍ഷമായി രാജ്യത്ത് തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ സംവിധാനങ്ങൾക്കും സ്വതന്ത്ര മാധ്യമങ്ങള്‍ക്കും നേരെ ആസൂത്രിതമായ അക്രമണം നടക്കുകയാണ്. ഇതിന് കാരണം ആര്‍.എസ്.എസാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. തൂത്തുക്കുടിയിലെ വിഒസി കോളേജില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'പാര്‍ലമെന്റും ജുഡീഷ്യറിയും മാധ്യമങ്ങളും രാജ്യത്തെ ഒന്നിച്ചുനിര്‍ത്തുന്നു. ഇവ തമ്മിലുള്ള ഒരു ഐക്യത്തിലാണ് രാജ്യം നിലകൊള്ളുന്നത്. എന്നാല്‍ ഈ സന്തുലിതാവസ്ഥ നശിച്ചാല്‍ അതിനൊപ്പം രാജ്യവും നശിക്കും. ഭരണഘടനാ സ്ഥാപനങ്ങളിലേക്ക് നുഴഞ്ഞുകയറി ആര്‍എസ്എസ് ഈ സന്തുലിതാവസ്ഥ നശിപ്പിച്ചു' - രാഹുല്‍ പറഞ്ഞു.  

പണവും അധികാരവും ഉപയോഗിച്ച് ബിജെപി മറുപക്ഷത്തുള്ള എംഎല്‍എമാരെ വേട്ടയാടുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. രാജസ്ഥാനിലും മധ്യപ്രദേശിലും എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ബിജെപി എത്രപണമാണ് ഒഴുക്കിയതെന്ന് തനിക്കറിയാമെന്നും രാഹുല്‍ പറഞ്ഞു.

content highlights: Democracy dead in India, China knows our PM will compromise country's interests: Rahul Gandhi