ലഖ്‌നൗ: ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പ്രസിദ്ധ സന്ന്യാസി ജഗദ്ഗുരു പരമഹംസ് ആചാര്യ മഹാരാജ്. ഹിന്ദുരാഷ്ട്ര പ്രഖ്യാപനം ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ 2ന് നടത്തണമെന്നാണ് ആചാര്യ മഹാരാജ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്തപക്ഷം സരയൂ നദിയില്‍ 'ജലസമാധി'യടയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 'ജലസമാധി'ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 

അയോധ്യയില്‍ വച്ച് മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് അദ്ദേഹം ഈ വിവാദ പ്രഖ്യാപനം നടത്തിയത്. ഗാന്ധിജയന്തി ദിനത്തില്‍ തന്നെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം. ഈ ആവശ്യം കേന്ദ്രസര്‍ക്കാര്‍ ആംഗീകരിക്കാന്‍ തയ്യാറല്ലെങ്കില്‍ സരയു നദിയില്‍ ജലസമാധിയടയും. രാജ്യത്തെ മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും പൗരത്വം റദ്ദാക്കണമെന്നും ആചാര്യ മഹാരാജ് ആവശ്യപ്പെട്ടുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

ജലസമാധിക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതിനേ തുടര്‍ന്ന് ഇദ്ദേഹത്തെ പിന്തുടരുന്നവരും ഒത്തുകൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസും പ്രദേശത്ത് എത്തിയിട്ടുണ്ട്. ആചാര്യ മഹാരാജിനെ വീട്ടുതടങ്കലിലാക്കിയതായും ഒരു കാരണവശാലും പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും പോലീസ് പറഞ്ഞു.

Content Highlights: Demand for 'Hindu Rashtra' unmet, Paramhans Acharya Maharaj to take 'jal samadhi' today