ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഡെൽറ്റ വകഭേദമാണ് രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തിന് കാരണമെന്ന് കേന്ദ്രസർക്കാർ പഠനം. കോവിഡിന്റെ യുകെ വകഭേദമായ ആൽഫയെക്കാൾ കൂടുതൽ മാരകമാണ് ഡെൽറ്റ (B.1.6.617.2) വകഭേദമെന്നും പഠനത്തിൽ പറയുന്നു.

രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തിന് പിന്നിലെ കാരണം കണ്ടെത്താൻ ഇന്ത്യൻ SARS COV2 ജീനോമിക് കൺസോഷ്യവും നാഷണൽ ഡിസീസ് കൺട്രോൾ സെന്ററും ചേർന്നാണ് പഠനം നടത്തിയത്.

യുകെയില ആൽഫ വകഭേദത്തെക്കാൾ 50 ശതമാനം കൂടുതൽ വ്യാപനശേഷി ഡെൽറ്റ വകഭേദത്തിനുണ്ട്. ജീനോമിക് സീക്വൻസിങിലൂടെ 12,200 ലേറെ വകഭേദങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ രണ്ടാം തരംഗത്തിൽ അതിവേഗം വ്യാപിച്ച ഡെൽറ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ അവയുടെ സാന്നിധ്യം വളരെ കുറവാണെന്നും പഠനത്തിൽ പറയുന്നു.

രാജ്യത്തെ എല്ലാം സംസ്ഥാനങ്ങളിലും ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യമുണ്ട്. എന്നാൽ ഡൽഹി, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഡെൽറ്റ കൂടുതൽ വ്യാപിച്ചത്. അതേസമയം കൂടുതൽ മരണങ്ങൾക്ക് കാരണം ഡെൽറ്റ വകഭേദമാണെന്നതിന് തെളിവുകളില്ലെന്നും പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.

വാക്സിൻ എടുത്തതിന് ശേഷവും ഡെൽറ്റ വകഭേദം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ വാക്സിനേഷന് ശേഷം ആൽഫ വകഭേദത്തിൽ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പഠനത്തിൽ പറയുന്നു.

content highlights:Delta Variant, Super Infectious, Caused Deadly Second Wave