ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യം കണ്ടെത്തിയ തീവ്രവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദമാണ് രാജ്യം നേരിട്ട കോവിഡ് രണ്ടാം തരംഗത്തിന് കാരണമായതെന്ന് പഠനം. SARS-CoV-2 ജിനോമിക് കണ്‍സോര്‍ഷ്യ, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ എന്നിവ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിട്ടുള്ളത്.

യുകെയില്‍ ആദ്യം കണ്ടെത്തിയ ആല്‍ഫാ വകഭേദത്തെക്കാള്‍ തീവ്രവ്യാപന ശേഷിയുള്ളതാണ് ഡെല്‍റ്റ വകഭേദമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഡെല്‍റ്റാ വേരിയന്റ് ആല്‍ഫയെക്കാള്‍ 50 ശതമാനം വ്യാപനശേഷി കൂടതലാണെന്ന് പഠനത്തില്‍ വ്യക്തമായതായി എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

മഹാരാഷ്ട്രയിലാണ് ഡെല്‍റ്റ വേരിയന്റ് ആദ്യമായി കണ്ടെത്തിയത്. പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, ഡല്‍ഹി, ഗുജറാത്ത്, തെലങ്കാന സംസ്ഥാനങ്ങളിലും പിന്നീട് കണ്ടെത്തി. പുതിയ വകഭേദം കണ്ടെത്തിയ സ്ഥലങ്ങളിലെല്ലാം അധികൃതര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ പരിപാലന സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും പഠനം ശുപാര്‍ശ ചെയ്യുന്നു.

ഡല്‍ഹി, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്രാ, ഒഡീഷ, തെലങ്കാന എന്നീ സംസ്ഥാനക്കാര്‍ക്കാണ് ഡെല്‍റ്റ വതകഭേദം കൂടുതലായി ബാധിച്ചത്. രണ്ടാം തരംഗത്തില്‍ കോവിഡ് തീവ്രമായി ബാധിച്ച സംസ്ഥാനങ്ങളായിരുന്നു ഇവയെല്ലാം. എന്നാല്‍ കൂടുതല്‍ മരണങ്ങള്‍ ഉണ്ടാകാന്‍ കാരണമാകും വിധം പലര്‍ക്കും ഗുരുതര രോഗബാധ ഉണ്ടായതിനു കാരണം ഡെല്‍റ്റ വകഭേദമാണോ എന്നകാര്യം പഠനത്തില്‍ വ്യക്തമായിട്ടില്ല.

Content Highlights: Delta variant cause of COVID second wave - Study