ന്യൂഡൽഹി: കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നതോടെ ഡൽഹിയിൽ ഓക്സിജൻ ക്ഷാമം രൂക്ഷമായി തുടരുകയാണ്. ഇതിനിടെ രോഗികളുടെ ജീവൻ നിലനിർത്താൻ മതിയായ ഓക്സിജൻ ലഭ്യത ഇല്ലാത്തതിനാൽ വികാരാധീനനായി ഡൽഹി ശാന്തി മുകുന്ദ് ആശുപത്രി സിഇഒ ഡോ. സുനിൽ സാഗർ. രണ്ട് മണിക്കൂർ നേരത്തേക്കുള്ള ഓക്സിജൻ മാത്രമേ ആശുപത്രിയിൽ അവശേഷിക്കുന്നുള്ളുവെന്നും രോഗികൾ മരിക്കുമെന്നും ഡോക്ടർ കണ്ണീരോടെ പറയുന്നു. ഓക്‌സിജന്‍ പ്രതിസന്ധിയെക്കുറിച്ച് വാർത്താ ഏജൻസിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആശുപത്രിയിലെ ഓക്സിജൻ സ്റ്റോക്ക് ഏകദേശം തീർന്നു. ഡിസ്ചാർജ് ചെയ്യാവുന്ന രോഗികൾക്കെല്ലാം ഡിസ്ചാർജ് നൽകാൻ ഡോക്ടർമാരോട് അവശ്യപ്പെട്ടുണ്ട്. അവശേഷിക്കുന്ന കുറച്ച് ഓക്സിജൻ നിലവിൽ ഐസിയു ബെഡുകളിലെ രോഗികൾക്ക് നൽകിയിരിക്കുകയാണ്.കൂടുതൽ നേരത്തേക്ക് ഓക്സിജൻ നൽകാൻ വളരെ ചെറിയ അളവിലാണ് നിലവിൽ രോഗികൾക്ക് ഓക്സിജൻ നൽകുന്നത്. രണ്ട് മണിക്കൂറിലേക്കുള്ള ഓക്സിജനേ ഇനി അവശേഷിക്കുന്നുള്ളു - സുനിൽ സാഗർ പറഞ്ഞു.

110 രോഗികൾ ഓക്സിജൻ സഹായത്തോടെ ചികിത്സയിലുണ്ട്. 12 പേർ വെന്റിലേറ്ററിലും ചികിത്സയിലാണ്.. കോവിഡ് രോഗികൾക്ക് പുറമേ കാൻസർ, ഹൃദ്യേഗ രോഗികളും ഇക്കൂട്ടത്തിലുണ്ട്. വളരെ നിർഭാഗ്യകരമായ സാഹചര്യമാണ് നേരിടുന്നത്. ഡോക്ടർ എന്ന നിലയിൽ രോഗികളുടെ ജീവൻ രക്ഷിക്കാൻ ചുമതലപ്പെട്ട തങ്ങൾക്ക് രോഗികൾക്ക് ഓക്സിജൻ പോലും നൽകാൻ സാധിക്കുന്നില്ല.എന്തൊരു അവസ്ഥയാണിത്. ഓക്സിജൻ ലഭിക്കാതെ രോഗികൾ മരിക്കുമെന്നും കണ്ണീരോടെ സുനിൽ സാഗർ പറയുന്നു.

content highlights:Delhis Shanti Mukund hospital chief breaks down says only two hours of oxygen supply left