ന്യൂഡല്‍ഹി: നാല്‍പത്തിമൂന്നുകാരി ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് ഡല്‍ഹിയില്‍ നിന്ന് സന്ദേശമയച്ചത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്. ലണ്ടനിലെ ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും ഡല്‍ഹി പോലീസും സംയുക്തമായി നടത്തിയ ശ്രമങ്ങള്‍ക്കൊടുവില്‍ സന്ദേശമയച്ചയാളെ കണ്ടെത്തി ആത്മഹത്യയില്‍ നിന്ന് രക്ഷിച്ചു. രണ്ട് മണിക്കൂറിനുള്ളില്‍ തനിക്ക് വേണ്ട സഹായം ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യും എന്നായിരുന്നു ബുധനാഴ്ച രാത്രി അയച്ച ഇ മെയില്‍ സന്ദേശത്തിന്റെ ഉള്ളടക്കം. 

സന്ദേശം ലഭിച്ചയുടനെ തന്നെ ലണ്ടനിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തെ വിവരമറിയിച്ചു. തുടര്‍ന്ന് ഡല്‍ഹി പോലീസിന് വിവരമെത്തി. സ്ത്രീയുടെ ജീവന്‍ രക്ഷിക്കാനുള്ള നടപടികള്‍ ഉടനെ തന്നെ ആരംഭിച്ചു. രോഹിണിയിലെ അമാന്‍ വിഹാര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നാണ് സന്ദേശമെത്തിയതെന്ന് കണ്ടെത്തി. രാത്രി വൈകിയ വേളയില്‍ പോലീസ് വീടുകള്‍ കയറിയിറങ്ങി. സന്ദേശത്തില്‍ പൂര്‍ണമായ വിലാസം ഇല്ലാത്തതും ഫോണ്‍ വിളികള്‍ അറ്റന്‍ഡ് ചെയ്യാത്തതും പോലീസിനെ കുഴക്കി. 

രാത്രി ഒരു മണിക്കാരംഭിച്ച തിരച്ചിലിനൊടുവില്‍ പോലീസ് വീട് കണ്ടെത്തി. എന്നാല്‍ വാതില്‍ തുറക്കാന്‍ സ്ത്രീ തയ്യാറായില്ല. തുടര്‍ന്ന് പോലീസ് അഗ്നിരക്ഷാസേനയുടെ സഹായം തേടി. അഗ്നിരക്ഷാരക്ഷാസേന ശ്രമം തുടങ്ങി ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ സ്ത്രീ ഭയവും പരിഭ്രമവും ഇടകലര്‍ന്ന ഭാവത്തോടെ വാതില്‍ തുറന്ന് പുറത്തു വന്നതായി പോലീസ് പറഞ്ഞു.

പ്രശ്‌നമൊന്നുമില്ലെന്നും എല്ലാവരും മടങ്ങിപ്പോകണമെന്നും അവര്‍ ആവശ്യപ്പെട്ടു. അവരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി കുറച്ച് പേരൊഴികെ ബാക്കി സേനാംഗങ്ങള്‍ പിന്‍വാങ്ങി. കടുത്ത നിരാശയിലായ അവസ്ഥയിലാണ്  അവര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് സന്ദേശമയച്ചതെന്ന് പോലീസ് അറിയിച്ചു. വീട്ടിനുള്ളില്‍ പ്രവേശിച്ച പോലീസിനെ കണ്ടത് 18 ഓളം പൂച്ചകളെയാണ്. വര്‍ഷങ്ങളായി വീട് വൃത്തിയാക്കിയിട്ടുണ്ടായിരുന്നില്ല. കൂടാതെ സ്ത്രീയുടെ അരികില്‍ നില്‍ക്കാനാവാത്ത വിധത്തില്‍ ദുര്‍ഗന്ധമുണ്ടായിരുന്നതായും ഡെപ്യൂട്ടി കമ്മിഷണര്‍ പി കെ മിശ്ര പറഞ്ഞു.

അധ്യാപികയായിരുന്ന സ്ത്രീയുടെ വിവാഹജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളാണ് മാനസിക നില തെറ്റിക്കാനിടയാക്കിയതെന്ന് പോലീസ് വ്യക്തമാക്കി. ബാങ്കില്‍ നിന്നെടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാന്‍ സാധിക്കാത്തതും മാനസികസംഘര്‍ഷത്തിനിടയാക്കിയതായി പോലീസ് കൂട്ടിച്ചേര്‍ത്തു. ബന്ധുക്കളെ കുറിച്ച് വിവരം നല്‍കാന്‍ സ്ത്രീ തയ്യാറായില്ല. മാനസികരോഗ വിദഗ്ധരുടെ സഹായം ഇവര്‍ക്ക് ലഭ്യമാക്കി. ഇവരെ വീട്ടില്‍ തന്നെ താമസിപ്പിച്ച് മെഡിക്കല്‍ കൗണ്‍സലിങ് നല്‍കാനാണ് താത്ക്കാലം തീരുമാനിച്ചിട്ടുള്ളത്. 

 

Content Highlights: Delhi woman mailed to UK PM Boris Johnson suicide averted