ന്യൂഡൽഹി: കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ ഡൽഹിയിൽ അടുത്ത തിങ്കളാ്ച മുതൽ ലോക്ഡൗണ്‍ ഇളവുകൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകൾ പ്രകാരം ഡൽഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.5 ശതമാനമാണ്. 1100 കേസുകൾ മാത്രമാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. അതിനാൽ ഇത് ലോക്ഡൗണ്‍ ഇളവുകൾക്കുള്ള സമയമാണെന്നും അല്ലാത്തപക്ഷം ആളുകൾ പട്ടിണിമൂലം മരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് ദുരന്തനിവാരണ വിഭാഗവുമായി ചർച്ച നടത്തിയിരുന്നു. കോവിഡ് വ്യാപനത്തിൽ കഴിഞ്ഞ കുറേ നാളുകൾ കൊണ്ട് നാം ഉണ്ടാക്കിയെടുത്ത നേട്ടം നിലനിർത്തണമെങ്കിൽ ഇളവുകൾ പ്രഖ്യാപിക്കുന്നതും അൺലോക്കിങ് ആരംഭിക്കുന്നതും സാവാധാനത്തിൽ വേണമെന്നാണ് നിർദേശമെന്നും കെജ്രിവാൾ വ്യക്തമാക്കി.

തിങ്കളാഴ്ച മുതൽ വ്യാവസായിക മേഖലകളിലെ ഉത്‌പാദന യൂണിറ്റുകൾക്ക് പ്രവർത്തനാനുമതി നൽകും. നിർമാണ പ്രവർത്തനങ്ങളും പുനരാരംഭിക്കാം. എല്ലാ ആഴ്ചകളിലും പൊതുജനങ്ങളുടേയും വിദഗ്ധരുടേയും നിർദേശത്തിന് അനുസരിച്ചാവും ഇളവുകൾ പ്രഖ്യാപിക്കുക. കോവിഡ് കേസുകൾ വീണ്ടും കൂടിയാൽ ഇളവുകൾ അനുവദിക്കുന്നത് നിർത്തിവെക്കുമെന്നും കെജ്രിവാൾ പറഞ്ഞു. ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.