-
ന്യൂഡല്‍ഹി: 38 പേര്‍ കൊല്ലപ്പെട്ട ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട ആം ആദ്മി പാര്‍ട്ടി പ്രാദേശിക നേതാവ് താഹിര്‍ ഹുസൈനെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തു. ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ മരണവുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്. ഇതിനു പിന്നാലെ അദ്ദേഹത്തെ ആം ആദ്മി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡു ചെയ്തു.
താഹിറിന്റെ വീട്ടില്‍ നിന്ന് പെട്രോള്‍ ബോംബുകള്‍ ഉള്‍പ്പടെയുള്ളവ കണ്ടെടുത്തിരുന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഖജൂരി ഖാസ് മേഖലയില്‍ താഹിറിന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറി വ്യാഴാഴ്ച പോലീസ് സീല്‍ ചെയ്തു.
കൊല്ലപ്പെട്ട ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ മരണത്തിന് പിന്നില്‍ താഹിര്‍ ഹുസൈനാണെന്ന് അങ്കിതിന്റെ സഹോദരന്‍ ആരോപിച്ചിരുന്നു. കലാപകാരികള്‍ക്ക് താഹിറിന്റെ വീട്ടില്‍ അഭയം നല്‍കിയെന്നും അവര്‍ കല്ലുകളും പെട്രോള്‍ ബോംബുകളും പ്രയോഗിച്ചുവെന്നുമാണ് അങ്കിതിന്റെ സഹോദരന്‍ ആരോപിച്ചത്.അങ്കിത് ശര്‍മയുടെ കൊലപാതകത്തില്‍ താഹിറിന് പങ്കുണ്ടെന്ന് ബിജെപി നേതാവ് കപില്‍ മിശ്രയും ആരോപിച്ചിരുന്നു.
'കൊലപാതകി താഹിര്‍ ഹുസൈനാണ്. അയാള്‍ വലിച്ചിഴച്ചത് അങ്കിത് ശര്‍മയെ മാത്രമല്ല, വേറെ നാലു ആണ്‍കുട്ടികളെയും വലിച്ചിഴക്കുന്നുണ്ട്. അവരില്‍ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.വീഡിയോയില്‍ മുഖംമൂടി ധരിച്ച് കൈയില് ദണ്ഡുകളും കല്ലുകളും പെട്രോള്‍ ബോംബുകളും ബുള്ളറ്റുമായി നില്‍ക്കുന്ന ആണ്‍കുട്ടികള്‍ക്കൊപ്പം താഹിറിനെ കാണാം. താഹിര്‍ നിരന്തരമായി അരവിന്ദ് കെജ്‌രിവാളിനോടും എഎപി നേതാക്കളോടും സംസാരിച്ചുകൊണ്ടിരിക്കുകയാണ്.'-കപില്‍ മിശ്ര പറഞ്ഞു.
കലാപം നടക്കുന്ന സമയത്ത് ഈസ്റ്റ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 59-ാം വാര്‍ഡായ നെഹ്റു വിഹാറിലെ കൗണ്‍സിലറായ താഹിര്‍ ഹുസൈന്‍ കലാപകാരികള്‍ക്ക് ഒപ്പമായിരുന്നുവെന്നാണ് ആദ്യമുയര്‍ന്ന ആരോപണം. താഹിര്‍ ഹുസൈന്റെ വീട്ടില്‍ ആയുധങ്ങളും മറ്റും സംഭരിച്ചിരുന്നുവെന്നും ഇവിടെ കലാപകാരികള്‍ സംഘടിക്കുകയും മറ്റ് വീടുകളിലേക്ക് പെട്രോള്‍ ബോംബുകളും കല്ലുകളും മറ്റും വലിച്ചെറിഞ്ഞെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. താഹിര്‍ ഹുസൈന്റെ വീടിന് മുകളില്‍ നിന്ന് കലാപകാരികള്‍ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്.
എന്നാല്‍ വാര്‍ത്തകള്‍ താഹിര്‍ ഹുസൈന്‍ നിഷേധിച്ചു. രാഷ്ട്രീയ എതിരാളികള്‍ തന്നെ തകര്‍ക്കുന്നതിന് വേണ്ടിയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
Content Highlights: Delhi violence: Police seals AAP Councillor Tahir Hussain's factory
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..