ഡൽഹിയിൽ കലാപബാധിത മേഖലയിൽ കേന്ദ്രസേന റൂട്ട്മാർച്ച് നടത്തുന്നു. (AP Photo|Altaf Qadri)
ന്യൂഡല്‍ഹി: 27 പേര്‍ കൊല്ലപ്പെട്ട ഡല്‍ഹി കലാപത്തില്‍ 18 കേസുകളെടുത്തെന്നും 106 പേര്‍ അറസ്റ്റിലായെന്നും ഡല്‍ഹി പോലീസ്. സംഘര്‍ഷ ബാധിത പ്രദേശങ്ങളിലേക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
പ്രദേശങ്ങളില്‍ പോലീസും കേന്ദ്രസേനയും റൂട്ട്മാര്‍ച്ചുകള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് പുതിയ അക്രമങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം നടത്തുന്നുണ്ടെന്നും ഡല്‍ഹി പോലീസ് വിശദീകരിച്ചു.
എല്ലാ കെട്ടിടങ്ങളുടെയും മേല്‍ക്കൂരകളും ടെറസുകളും ഡ്രോണുകള്‍ വഴി നിരീക്ഷിക്കുന്നുണ്ട്. ഏതെങ്കിലും വീടുകളുടേയോ കെട്ടിടങ്ങളുടെയോ മുകളില്‍ കല്ലുകള്‍ സംഭരിച്ചിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ നടപടിയുണ്ടാകുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.
അതേസമയം സംഘര്‍ഷ ബാധിത കേന്ദ്രങ്ങളില്‍ ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യന്ത്രി മനീഷ് സിസോദിയയും സന്ദര്‍ശനം നടത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും സംഘര്‍ഷ ബാധിത മേഖലകള്‍ സന്ദര്‍ശിച്ചിരുന്നു. അതിന് ശേഷം ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു. ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
Content Highlights: Delhi Violence; 18 FIRs, 106 Arrests: Police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..