ന്യൂഡല്‍ഹി: കോവിഡ് പ്രതിദിന കേസുകളുടെ എണ്ണം മൂന്നുമാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതിനു പിന്നാലെ കൂടുതല്‍ ഇളവുകളുമായി ഡല്‍ഹി സര്‍ക്കാര്‍. കടകള്‍, മാളുകള്‍, ഭക്ഷണശാലകള്‍ എന്നിവയ്ക്ക് നാളെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കാം. ആഴ്ചയില്‍ ഏഴുദിവസവും കടകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. അതേസമയം ഇളവുകള്‍ ഒരാഴ്ചത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് അനുവദിക്കുന്നതെന്നും കോവിഡ് കേസുകള്‍ ഉയരുന്ന പക്ഷം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു.

കടകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സമയം നിലവിലേത്(രാവിലെ പത്തു മണി മുതല്‍ രാത്രി എട്ടുമണി വരെ) തന്നെ ആയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടേക്ക് എവേയും ഹോം ഡെലിവറിയും മാത്രമായിരുന്നു ഭക്ഷണശാലകളില്‍ ഇതുവരെ അനുവദനീയമായിരുന്നത്. എന്നാല്‍ ഇനി ആളുകള്‍ക്ക് ഭക്ഷണശാലകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാവുന്നതാണ്. ഇരിപ്പിടങ്ങളുടെ അന്‍പതു ശതമാനം മാത്രമേ ഇതിനായി ഉപയോഗപ്പെടുത്താന്‍ അനുമതിയുള്ളൂ. അന്‍പതു ശതമാനം വ്യാപാരികളെ ഉള്‍പ്പെടുത്തി ആഴ്ചച്ചന്തകള്‍ക്കും പ്രവര്‍ത്തിക്കാം. എന്നാല്‍ ഒരു മുന്‍സിപ്പല്‍ സോണിലെ ഒരു ആഴ്ചച്ചന്തയ്‌ക്കേ ഒരു ദിവസം അനുമതിയുള്ളൂ. സലൂണുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ സ്പാകള്‍ക്ക് പ്രവര്‍ത്തന അനുമതിയില്ല.

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുഴുവന്‍ ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. അതേസമയം സ്വകാര്യ ഓഫീസുകളില്‍ അന്‍പത് ശതമാനം ജീവനക്കാര്‍ക്കേ അനുമതിയുള്ളൂ. അന്‍പത് ശതമാനം ഇരിപ്പിടങ്ങള്‍ ഉപയോഗപ്പെടുത്തി ഡല്‍ഹി മെട്രോയും ബസുകളും പ്രവര്‍ത്തിക്കും. അതേസമയം സ്‌കൂള്‍, കോളേജ്, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. നീന്തല്‍ക്കുളങ്ങള്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക്, വാട്ടര്‍ പാര്‍ക്കുകള്‍ എന്നിവയ്ക്കും പ്രവര്‍ത്തന അനുമതിയില്ല. ആള്‍ക്കൂട്ടവും അനുവദനീയമല്ല. ആരാധനാലയങ്ങള്‍ തുറക്കാം എന്നാല്‍ വിശ്വാസികളെ അനുവദിക്കുകയില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. 

രോഗബാധ നിലവിലേതു പോലെ കുറയുന്ന പക്ഷം നമ്മുടെ ജീവിതവും ക്രമേണ പഴയതുപോലെയാകും. ഇതൊരു വലിയ ദുരന്തമാണ് അതിനെ നാം ഒരുമിച്ച് നേരിട്ടേ മതിയാകൂ- കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ചത്തെ കണക്കു പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ വെറും 213 കോവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

content highlights: delhi unlocking: all shops, restaurants to reopen tomorrow