ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ എബിവിപിയ്ക്ക് എതിരായ വിദ്യാര്‍ഥി സമരത്തില്‍ ഇടതുപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു രംഗത്ത്. സമരത്തില്‍ എബിവിപിയ്‌ക്കെതിരെ ക്യാമ്പയിനുമായി രംഗത്തെത്തിയ ഗുര്‍മെഹര്‍ കൗറിനെയല്ല, നമ്മുടെ ജവാന്‍മാര്‍ മരിക്കുമ്പോള്‍ ആഘോഷിക്കുന്ന ഇടതുപക്ഷത്തെയാണ് വിമര്‍ശിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു.

ഇന്ത്യയും ചൈനയുമായി യുദ്ധമുണ്ടായപ്പോള്‍ ഇടതുപക്ഷം ചൈനയെ പിന്തുണച്ചവരാണ്. അവര്‍ യുവാക്കളെ വഴിതെറ്റിക്കുകയാണ്, ഇതുശരിയല്ല -റിജുജു കൂട്ടിച്ചേര്‍ത്തു. ഗുര്‍മെഹര്‍ കൗറിനെ രൂക്ഷമായി വിമര്‍ശിച്ച് റിജിജു കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഈ കുട്ടിയുടെ മനസ് മലിനമാക്കിയത് ആരാണെന്ന് ചോദിച്ചായിരുന്നു റിജിജുവിന്റെ ട്വീറ്റ്.

തന്നെ ബലാത്സംഗം ചെയ്യുമെന്ന് എബിവിപി ഭീഷണിപ്പെടുത്തിയാതായി ഗുര്‍മെഹര്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് രാവിലെ ഒരു ഇരുപതുകാരിയെന്ന നിലയില്‍ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ അവസാനിപ്പിക്കുകയാണെന്നും വ്യക്തമാക്കി ഗുര്‍മെഹര്‍ കൗര്‍ രംഗത്തെത്തുകയായിരുന്നു. എബിവിപിയ്ക്ക് എതിരായ തന്റെ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും ഗുര്‍മെഹര്‍ അറിയിച്ചിട്ടുണ്ട്. 

അതേസമയം, ഡല്‍ഹി നോര്‍ത്ത് ക്യാമ്പസില്‍ ജെഎന്‍യു-ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ ഇന്ന് പ്രതിഷേധപ്രകടനം നടത്തുന്നുണ്ട്. എബിവിപിയ്ക്ക് എതിരായ പ്രതിഷേധപ്രകടനത്തില്‍ നൂറുകണക്കിന് വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്.