ന്യൂഡല്‍ഹി : കോവിഡ് വാക്‌സിന്റെ ആദ്യബാച്ച് ഡിസംബര്‍ അവസാനത്തോടെ ഡല്‍ഹിയിലെത്തും. ഡിസംബര്‍ 28 ന് വാക്‌സിന്‍ ഡല്‍ഹിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഡല്‍ഹിയിലെ ജനങ്ങള്‍ക്കെന്നാണ് ആദ്യ വാക്‌സിന്‍ ഡോസ് നല്‍കുന്നതെന്നത് സംബന്ധിച്ച സ്ഥിരീകരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. 

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായുള്ള പരിശീനം ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. 3500 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. വാക്‌സിന്‍ സൂക്ഷിക്കുന്നതിനായി 609 ഇടങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ട്. തിങ്കളാഴ്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ഒരു മുഴുവന്‍ ദിവസ പരിശീലനവും നല്‍കുന്നുണ്ട്.

രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ സൂക്ഷിക്കാനുള്ള സൗകര്യമുള്ളത്. ലോക്‌നായക്, കസ്തൂര്‍ബ,ജിടിബി ആശുപത്രികള്‍,  ബാബാസാഹേബ് അംബേദ്കര്‍ ആശുപത്രി, മൊഹല്ല ക്ലിനിക്ക് എന്നിവിടങ്ങളിലും വാക്‌സിന്‍ സംഭരണത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഡല്‍ഹി വിമാനത്താവളത്തിലെ രണ്ട് കാര്‍ഗോ ടെര്‍മിനലുകള്‍ വാക്‌സിന്‍ സൂക്ഷിക്കാന്‍ സജ്ജമാക്കി. ഡല്‍ഹി വിമാനത്താവളത്തില്‍ 27 ലക്ഷം വാക്‌സിനുകള്‍ സൂക്ഷിക്കാനുള്ള സൗകര്യമുണ്ടെന്ന് ഡല്‍ഹി വിമാനത്താവള സിഇഒ വൈദേഹ് ജയ്പുരിയാര്‍ പറഞ്ഞു.

മൗലാനാ ആസാദ് മെഡിക്കല്‍ കോളേജ് മൂന്ന് ഡോക്ടര്‍മാരെ വാക്‌സിനേറ്റിങ്ങ് ഓഫീസര്‍മാരായി തിരഞ്ഞെടുത്തിട്ടുണ്ട്. കൂടുതല്‍ വാക്‌സിനേറ്റിങ് ഓഫീസര്‍മാര്‍ക്ക് ഈ മൂന്ന്  ഡോക്ടര്‍മര്‍ പരിശീലനം നല്‍കും. പിന്നീടവര്‍ ജില്ലാ തലത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കും.

content highlights: Delhi to receive first shipment of coronavirus vaccine next week