ന്യൂഡല്‍ഹി: മറ്റ് സംസ്ഥാനങ്ങളെപ്പോലെ ഡല്‍ഹിയും സ്വന്തമായി വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹി ബോര്‍ഡ് ഓഫ് സ്‌കൂള്‍ എജ്യൂക്കേഷന്‍ രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 

ഡല്‍ഹിയില്‍ 1,000 സര്‍ക്കാര്‍ സ്‌കൂളുകളും 1,700 സ്വകാര്യ സ്‌കൂളുകളുമാണുള്ളത്. സര്‍ക്കാര്‍ സ്‌കൂളുകളും ഭൂരിഭാഗം സ്വകാര്യ സ്‌കൂളുകളും സിബിഎസ്ഇയില്‍ അഫിലിയേറ്റ് ചെയ്താണ് പ്രവര്‍ത്തിക്കുന്നത്. അടുത്ത അധ്യയന വര്‍ഷം 20 മുതല്‍ 25 വരെ സ്‌കൂളുകള്‍ സിബിഎസ്ഇ അഫിലിയേഷന്‍ ഉപേക്ഷിച്ച് പുതിയ ബോര്‍ഡിന്റെ ഭാഗമായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

പ്രധാനാധ്യാപകര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും സംസ്ഥാന ബോര്‍ഡിന് കീഴിലുള്ള സ്‌കൂളുകള്‍ തീരുമാനിക്കുക. നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ എല്ലാ സ്‌കൂളുകളും സംസ്ഥാന ബോര്‍ഡിന് കീഴില്‍ സ്വമേധയാ അഫിലിയേറ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. 

സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരണം, പാഠ്യപദ്ധതി പരിഷ്‌കരണം എന്നിവയുടെ പദ്ധതി തയ്യാറാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ കഴിഞ്ഞ ജൂലൈയില്‍ രണ്ട് സമിതികള്‍ക്ക് രൂപം നല്‍കിയിരുന്നു. പാഠ്യപദ്ധതി പരിഷ്‌കരണത്തിനും പുതിയ വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരണത്തിനും ആം ആദ്മി സര്‍ക്കാര്‍ ബജറ്റില്‍ പദ്ധതികളും പ്രഖ്യാപിച്ചിരുന്നു.

Content Highlights: Delhi To Have Its Own School Education Board, Says Arvind Kejriwal