ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ നിന്നുള്ള എല്ലാ യാത്രക്കാരുടെയും കോവിഡ്പരിശോധനാ ഫലം പരിശോധിക്കാത്തതിന് നാല് വിമാന കമ്പനികള്‍ക്കെതിരെ നടപടിയുമായി ഡല്‍ഹി സര്‍ക്കാര്‍. ഇന്‍ഡിഗോ, വിസ്താര, സ്പൈസ് ജെറ്റ്, എയര്‍ ഏഷ്യ എന്നിവയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ദുരന്ത നിവാരണ നിയമ പ്രകാരമാണ് നടപടി. 

ദേശീയ തലസ്ഥാന പ്രദേശത്ത് കോവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഏപ്രില്‍ 10 ന് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഉത്തരവ് പ്രകാരം മഹാരാഷ്ട്രയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. 

ശനിയാഴ്ച  24,375 പുതിയ കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനം ആരംഭിച്ചതിന് ശേഷമുള്ള ദേശീയ തലസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഏകദിന കണക്കാണിത്. കോവിഡ് 19-ന്റെ രൂക്ഷവ്യാപനം ഡല്‍ഹിയില്‍ ഗുരുതര സ്ഥിതിവിശേഷമാണ് സൃഷ്ടിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പറഞ്ഞിരുന്നു.

Content Highlights: Delhi govt takes action against 4 airlines for not checking Covid test reports of those coming from Maharashtra