
പ്രതീകാത്മകചിത്രം | Photo: Reuters
ന്യൂഡല്‍ഹി: ശൈത്യകാലമെത്തുന്നതോടെ ഡല്‍ഹിയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പതിനയ്യായിരത്തോളമാകാൻ സാധ്യത ഉണ്ടെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളി(എന്‍സിഡിസി)ന്റെ മുന്നറിയിപ്പ്. തണുപ്പുകാലത്ത് ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ വര്ധിക്കാനിടയാകുന്നതും നവരാത്രി, ദീപാവലി തുടങ്ങിയ ആഘോഷദിനങ്ങളോടനുബന്ധിച്ചുള്ള ഒത്തുകൂടലുകളും രോഗവ്യാപനം വര്‍ധിക്കാനിടയാക്കുമെന്നാണ് എന്‍സിഡിസിയുടെ കണക്കുകൂട്ടല്‍.
ഇതില്‍ അഞ്ചിലൊന്ന് പേരില്‍ രോഗബാധ മിതമോ ഗുരുതരമോ ആയ വിധത്തിലായിരിക്കാമെന്നും ഇവരുടെ ചികിത്സയ്ക്കായി ഡല്‍ഹിയിലെ ആശുപത്രികള്‍ സജ്ജമാകണമെന്നും നീതി ആയോഗ് അംഗം ഡോ. വി കെ പോളിന്റെ നേതൃത്വത്തിലുള്ള സംഘം എന്സിഡിസിയ്ക്ക് വേണ്ടി തയ്യാറാക്കിയ റിവൈസ്ഡ് സ്ട്രാറ്റജി ഫോര്‍ കണ്ട്രോള് ഓഫ് കോവിഡ്-19 വെര്ഷന് 3.0(Revised Strategy for control of COVID-19 version 3.0) എന്ന റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശീയ കോവിഡ് മരണനിരക്ക് 1.5 ശതമാനം ആമെന്നിരിക്കെ ഡല്‍ഹിയിലെ മരണനിരക്ക് 1.9 ശതമാനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മരണനിരക്ക് കഴിയുന്നത്ര കുറയ്ക്കാനുള്ള ശ്രമം കോവിഡ് പ്രതിരോധലക്ഷ്യങ്ങളില് പ്രധാനപ്പെട്ട ഒന്നായിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വന്‍തോതിലുള്ള സമ്മര്‍ദമാണ് ആരോഗ്യമേഖല ശൈത്യകാലത്ത് അഭിമുഖീകരിക്കേണ്ടി വരുന്നതെന്ന് ഡല്‍ഹി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഡല്‍ഹിയ്ക്ക് പുറത്ത് നിന്നെത്തുന്നവരുടെ എണ്ണം കുടുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.
Content Highlights: Delhi Should Prepare For 15,000 Daily Covid Cases During Winter Says NCDC Report
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..